മരച്ചില്ലകള്‍ വെട്ടിമാറ്റുന്നില്ല; കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവ്
1572848
Friday, July 4, 2025 6:35 AM IST
പേരൂര്‍ക്കട: മരച്ചില്ലകള്‍ കൃത്യമായി വെട്ടിമാറ്റാത്തതുമൂലം കുടപ്പനക്കുന്ന് കെഎസ്ഇബി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുകയാണ്. ഒരുമാസത്തില്‍ കുറഞ്ഞത് 15 ദിവസമെങ്കിലും രണ്ടു മണിക്കൂര്‍ വീതം കറണ്ട് പോകുന്നതു സ്ഥിരം സംഭവമായിട്ടുണ്ട്. സെക്ഷനിൽ അന്വേഷിക്കുമ്പോള്‍ മരം വീണതാണ് കാരണമെന്ന സ്ഥിരം പല്ലവിയാണു കേള്‍ക്കുന്നത്.
ഇവരുടെ അടിയന്തര സംവിധാനം ലഭ്യമാക്കുന്ന നമ്പരിലേക്കു വിളിക്കുമ്പോള്‍ മിക്കപ്പോഴും ബിസിയായിരിക്കും. രാത്രികാലങ്ങളിലാണു 90 ശതമാനവും കറണ്ട് കട്ട് ഉണ്ടാകുന്നത്. ചൂഴമ്പാലയില്‍ നിന്നും ഇളയമ്പള്ളിയില് നിന്നുമുള്ള ട്രാന്‍സ്ഫോമറിന്റെ സഹായത്തോടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ഇന്റര്‍ലിങ്കിംഗ് വരുന്നതു പാതിരിപ്പള്ളി ലാവണ്യ അപ്പാര്‍ട്ട്മെന്റിനു സമീപമാണ്.
ചൂഴമ്പാല ട്രാന്‍സ്ഫോമര്‍ പരിധിയിലുള്ളവര്‍ക്ക് മാസത്തില്‍ നാലോ അഞ്ചോ തവണമാത്രമാണ് വൈദ്യുതി മുടക്കം അനുഭവിക്കേണ്ടി വരുന്നത്. അതേസമയം പാതിരിപ്പള്ളി, ഇളയമ്പള്ളി, പാറപ്പൊറ്റ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കം തുടരുന്നുമുണ്ട്.
കൃത്യമായ കാരണം അന്വേഷിക്കുമ്പോള്‍ മരംവീഴ്ച എന്ന മറുപടി പറഞ്ഞുവയ് ക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും ലൈന്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.