സത്യന്‍നഗര്‍ സ്റ്റേഡിയം: ഒരു കോടി രൂപയുടെ നവീകരണ പദ്ധതി ഇഴയുന്നു
1572863
Friday, July 4, 2025 6:44 AM IST
നേമം: നേമം നിയോജക മണ്ഡലത്തിലെ എസ്റ്റേറ്റ് വാര്‍ഡിലെ നടന് സത്യന്റെ ഓര്‍മയ്ക്കായുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പദ്ധതി ഇഴയുന്നെന്ന് ആക്ഷേപം. വഴി പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടു മാസമായി പണി മുടങ്ങിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ സ്ഥലത്തുനിന്നും സമീപത്തെ ചില വീട്ടുകാര്‍ക്കു വഴി വേണമെന്ന തര്‍ക്കമാണു പണി നിലയ്ക്കാന്‍ കാരണമെന്നു കായിക പ്രേമികള്‍ പറയുന്നു.
സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലം കൈയേറി സമീപത്തെ വസ്തു ഉടമകളില്‍ ചിലര്‍ അവരുടെ വസ്തുവിലേയ്ക്കു വഴി സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നതായി മന്ത്രി വി. ശിവന്‍കുട്ടിക്കും മേയര്‍ ആര്യ രാജേന്ദ്രനും കായിക പ്രേമികൾ പരാതി നൽകിയിട്ടു ണ്ട്. ചുറ്റുമതിലിനായി കോണ്‍ക്രീറ്റ് ചെയ്യാന്‍ കമ്പി കെട്ടിയ നിലയിലാണ് കഴിഞ്ഞ രണ്ടുമാസമായി പണി തടസപ്പെട്ടിരിക്കുന്നത്. മണ്ണിട്ട് ഉയര്‍ത്തലും ഒരു കെട്ടിടത്തിന്റെ നിർമാണവുമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്.
സ്റ്റേഡിയത്തിന് സമീപത്തുള്ളവര്‍ക്ക് ടാര്‍ ചെയ്ത റോഡുള്ളപ്പോള്‍ വീണ്ടും വഴിക്കുവേണ്ടി കളിസ്ഥലം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് അധി കൃതർ. ആധുനിക സൗകര്യങ്ങളോടെ ഒരുകോടി രൂപ ചെലവി ൽ സ്റ്റേഡിയം നവീകരിക്കാനാ ണു പദ്ധതിയുള്ളത്.
സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രിയും സ്ഥലം എംഎല്എയുമാായ വി. ശിവന്‍കുട്ടിയാണ് അഞ്ചുമാസം മുമ്പ് നിര്‍വഹിച്ചത്. "ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയിലുള്‍പ്പെടുത്തി രണ്ടേക്കറോളം വരുന്ന സ്റ്റേഡിയത്തില്‍ കായിക വകുപ്പിന്റെ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം നട ത്തുക. ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ട്, ഓപ്പണ്‍ സ്റ്റേജ്, ഫ്ളെഡ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയിലുണ്ട്. പണ്ട് നേമം പഞ്ചായത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് കുളം നികത്തി കളിക്കളം നിര്‍മിച്ചത്.