തമ്പാനൂരിലെ അപകടമരണം : ബസ് ടെര്‍മിനല്‍ സംവിധാനം അശാസ്ത്രീയമെന്ന്് ആക്ഷേപം
1573189
Saturday, July 5, 2025 6:58 AM IST
പേരൂര്‍ക്കട: തമ്പാനൂരില്‍ നിരന്തരമുണ്ടാകുന്ന അപകടമരണം സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം തന്നെ അശാസ്ത്രീയമെന്ന് ആക്ഷേപം ഉയരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാൻഡിനുള്ളില്‍ ഒരു പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
കിഴക്കേക്കോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നു സര്‍വീസ് നടത്തുന്ന ദിനംപ്രതിയുള്ള 1000-ഓളം സര്‍വീസുകള്‍ക്കുള്ള ഇന്ധനം ഇവിടങ്ങളില്‍ നിന്നാണ് നിറയ്ക്കുന്നത്. ടെര്‍മിനലിനുള്ളിലെ പമ്പില്‍ വന്നുതിരിയുന്ന വാഹനങ്ങളുടെ ബാഹുല്യം വാഹനാപകടങ്ങള്‍ക്ക് കാരണമായേക്കാം. ടെര്‍മിനലിനുള്ളില്‍ ബസുകള്‍ നിറയുമ്പോള്‍ പുറത്ത് വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും.
ഇതിനിടയില്ക്കൂടിയാകും ഓട്ടോറിക്ഷളും ഇരുചക്ര വാഹനങ്ങളും തലങ്ങും വിലങ്ങും ഓടുന്നത്. തമ്പാനൂര്‍ സ്റ്റാൻഡിനടുത്തുള്ള തട്ടുകടകള്‍ പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴും ടെര്‍മിനലിനുള്ളില്‍ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകുന്നതിനുള്ള ബസ് എവിടെയാണ് നിര്‍ത്തുന്നതെന്ന് തിരക്കി നടക്കുന്നവര്‍ ഏറെയാണ്.
നെയ്യാറ്റിന്‍കര, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രികരാണ് കൂടുതലായി ഇവിടെയെത്തുന്നത്. ബസുകള്‍ വന്നുപോകുന്നതും നിന്നുതിരിയുന്നതുമായ സ്ഥലത്തുള്ള വീതിക്കുറവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
രണ്ടുമാസത്തിനു മുമ്പ് കുലശേഖരം സ്വദേശിനി നബീസത്തും കഴിഞ്ഞ ബുധനാഴ്ച കളിയിക്കാവിള സ്വദേശിനി സുലൈഖ അസ്കിനും ഇവിടെ മരണപ്പെടുകയുണ്ടായി. നബീസത്ത് ബസിനും സമീപത്തെ മതിലിനുമിടയില്‍ ഞെരുങ്ങിയാണ് മരിച്ചത്. സുലൈഖയുടെ മരണം ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയായിരുന്നു. തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാറയുന്നതു നിമിത്തം യാത്രക്കാര്‍തന്നെ ആശയക്കുഴപ്പത്തിലാകുന്നു.
തങ്ങള്‍ക്കു കയറുന്നതിനുള്ള ബസ് ഉടന്‍ കടന്നുപോകുമെന്ന ആശങ്കയില്‍ ഇവര്‍ ഓടിയെത്തുമ്പോഴായിരിക്കും ബസ് മുന്നോട്ടെടുക്കുന്നത്. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മറ്റു വാഹനങ്ങള്‍ ഇവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യും. ടെര്‍മിനല്‍ ഭാഗത്തെ അനധികൃത വ്യാപാരം ഇല്ലാതാക്കി നിലവിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും അവശ്യമുയരുന്നുണ്ട്. ഓട്ടോറിക്ഷകള്‍ക്കും കൃത്യമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
യാത്രക്കാര്‍ക്ക് ഭീതികൂടാതെ ടെര്‍മിനലില്‍ തങ്ങള്‍ക്കുള്ള ബസ് കണ്ടെത്തുന്നതിനും അവിടെ ബസ് കാത്തുനില്ക്കുന്നതിനുമുള്ള ശാസ്ത്രീയസംവിധാനം കൊണ്ടുവരണം. സുലൈഖ ബസിന്റെ ഡ്രൈവര്ക്യാബിന്റെ ഭാഗത്തുള്ള റോഡിലൂടെ കടന്ന് ബസിന്റെ മുന്നിലൂടെ ഓടുമ്പോഴാണ് ഡ്രൈവര്‍ പെട്ടെന്ന് വാഹനം മുന്നോട്ടെടുക്കുന്നത്.
ഡ്രൈവര്‍ ബസെടുക്കുമ്പോള്‍ അയാളുടെ ശ്രദ്ധ തന്റെ ഇടതുവശത്തെ ഡോറുകള്‍ക്കു സമീപമായിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. വൈകുന്നേരങ്ങളില്‍ ടെര്‍മിനലിനു മുന്നില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് പോലീസിന് ചെയ്യാന്‍ കഴിയുന്നതില്‍ പരിമിതിയുണ്ട്. കെഎസ്ആര്‍ടിസി ഉന്നത അധികാരികള്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ട് ടെര്‍മിനലില്‍ ഏകീകൃത സംവിധാനം കൊണ്ടുവന്നാല്‍ മാത്രമേ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ.