പൗരാണികതയുടെ സ്മരണകൾ ഉണർത്തി ദുക്റാന ആഘോഷം
1572858
Friday, July 4, 2025 6:44 AM IST
തിരുവനന്തപുരം: ലൂർദ് ഫൊറോന പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികൾ നടത്തി. മാർത്തോമാ നസ്രാണികളുടെ പഴമയും പാരമ്പര്യവും അനുസ്മരിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളോടുകൂടി വേറിട്ട ഒരു ആഘോഷമാണ് തിരുവനന്തപുരത്ത് നടന്നത്.
സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നസ്രാണി അച്ചായൻ, നസ്രാണി അമ്മച്ചി, നസ്രാണി മീൻ കറി വെക്കൽ എന്നീ മത്സരങ്ങൾ നടത്തി. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞും പ്രാർഥനകൾ കൃത്യമായി ചൊല്ലിയും വിശ്വാസ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും നസ്രാണി അച്ചായന്മാരും നസ്രാണി അമ്മച്ചിമാരും സദസിനെ വിസ്മയിപ്പിച്ചു.
നസ്രാണി മീൻ കറി വയ്ക്കൽ മത്സരത്തിൽ നിരവധി വനിതകൾ അണിനിരന്നു. രുചിയേറിയ മീൻകറി വിഭവങ്ങൾ തയാറാക്കി അവർ എല്ലാവരെയും രുചിയുടെ വിസ്മയങ്ങൾ കാണിച്ചുകൊടുത്തു. ആശ ഫ്രാൻസിസ് ആണ് നസ്രാണി ഷെഫ് ആയി ഒന്നാം സമ്മാനം നേടിയത്.
സംഗമ പരിപാടികൾ നിർമല ഭവൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലെൻസ് ആലയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. ജോൺ തെക്കേക്കര, ഫാ. സച്ചിൻ മരങ്ങാട്ട് ഫാ. സെബാസ്റ്റ്യൻ മനയത്ത്, ഫിലിപ്പ് ജോസഫ്, ഈപ്പൻ പ്ലാക്കാട്ട് , പ്രഫ. ജോൺ കുര്യൻ, ടി. റോസമ്മ, പ്രഫ. ഹോർമിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വി.വി. ജോർജ് നന്ദി പറഞ്ഞു.