ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ
1572849
Friday, July 4, 2025 6:35 AM IST
പാലോട് : വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളുമായി ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേരെ പാലോട് വനം വകുപ്പ് പിടികൂടി. ഒറ്റപ്പാലം നെല്ലായി കൂലിതോടു വീട്ടിൽ മുഹമ്മദലി (41), കൊല്ലം കല്ലുവാതുക്കൽ വിളവൂർക്കോണം കോടക്കകം ചരുവിള പുത്തൻവീട്ടിൽ സജീവ് (49 )എന്നിവരാണ് വനം വകുപ്പ് പിടിയിലായത്.
പള്ളിക്കൽ തൈക്കാവിന് സമീപം അബ്ദുൽ ജലീലിന്റെ വീടിന്റെ കാർപോർച്ചിൽനിന്ന് 102 കഷ്ണങ്ങളാക്കി ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 86 കിലോ ചന്ദനത്തടികളാണ് പിടിച്ചെടുത്തത്. എന്നാൽ വീട്ടുടമയ്ക്ക് ഇതുമായി പങ്കില്ലെന്നും ആയുർവേദ മരുന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണു കാർപോർച്ചിൽ ചന്ദനം സൂക്ഷിച്ചിരുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
പ്രതികൾ വലിയൊരു ചന്ദന കടത്ത് സംഘത്തിലെ അംഗങ്ങളാണെന്നു ഉദ്യോഗസ്ഥർ വ്യ ക്തമാക്കി. പ്രതികൾ മരങ്ങൾ വീടുകളിൽനിന്നു വില കൊടുത്തു വാങ്ങും. ചോദിച്ചാൽ കൊടുക്കാത്തവ രാത്രി കാലങ്ങളിൽ മോഷ്ടിക്കും. കൂടാതെ വനങ്ങളിൽ നിന്നു മരം മുറിച്ചു കടത്തുകയും ചെയ്യും. ഇങ്ങനെയുള്ള തടികൾ മലപ്പുറം ലോബിക്ക് നൽകുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ അഞ്ചലിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ തുമ്പോട്, കാപ്പിൽ, പകൽക്കുറി, പാരിപ്പള്ളി, തടിക്കാട്, അഞ്ചൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇവർ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലോട് റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. സന്തോഷ് കുമാർ, എസ്എഫ്ഒ ജെ. സന്തോഷ് കുമാർ, ഡിഎഫ്ഒമാരായ വി.കെ. ബിന്ദു, ഡോൺ ഷാനവാസ് എന്നിവരുടെ സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.