പരശുവയ്ക്കല്‍ ഗവ. എല്‍പിഎസില്‍ ശുദ്ധജലം എത്തിക്കാൻ ഉത്തരവ്
1573190
Saturday, July 5, 2025 6:58 AM IST
പാറശാല: പരശുവയ്ക്കല്‍ ഗവ. എല്‍പി സ്കൂളിലെ കിണര്‍ അടിയന്തരമായി ശുദ്ധീകരിച്ച് കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്. കിണറില്‍ മോട്ടര്‍ ഘടിപ്പിച്ച് കുട്ടികള്‍ക്ക് എല്ലാ ദിവസവും ഗുണമേന്മയുള്ള ജലം ലഭ്യമാക്കാന്‍ പാറശാല പഞ്ചായത്ത് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന് അംഗം ഡോ. എഫ്. വില്‍സണ്‍ നിര്‍ദേശം നല്കി. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണം.
ഗുണമേന്മ ഉറപ്പുവരുത്താതെ അയല്‍വീടുകളില്‍ നിന്നും ജലം ശേഖരിച്ച് പാചകത്തിനുള്പ്പെടയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. പരശുവയ്ക്കല്‍ ഗവ. എല്‍പി സ്കൂളില്‍ പ്രീകെജി മുതല്‍ നാലാം ക്ലാസ് വരെ 127 കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിൽ ആഴ്ചയില്‍ രണ്ട് ദിവസമേ കുടിവെള്ളം ലഭിക്കുന്നുള്ളു. പിടിഎ പ്രസിഡന്റ് ഷീജ കമ്മിഷന് സമര്‍പ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.