കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു
1572937
Friday, July 4, 2025 11:09 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. തിരുവല്ലം വണ്ടിത്തടം പാലപ്പൂര് പവിത്രത്തില്‍ രാജേന്ദ്രന് നായരുടെയും രമാദേവിയുടെയും മകള്‍ ആര്. ആരതി മനോജ് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് വെണ്‍പാലവട്ടം സര്‍വീസ് റോഡിലായിരുന്നു അപകടം.
കഷ്ടിച്ച് രണ്ടുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന ചെറിയ റോഡായിരുന്നു ഇത്. ഒരു ടോറസ് ലോറി ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. ആരതി മനോജ് ലോറിക്കു സമീപത്തെത്തിയപ്പോള്‍ എതിര്‍വശത്തുനിന്ന് വന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് തെറിച്ചുവീണ ആരതി ബസി നടിയിൽ അകപ്പെടുകയായിരുന്നു.
ചാക്കയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം സ്ഥലത്തുനിന്നു നീക്കുകയും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
അതേസമയം സ്കൂട്ടറിലെത്തിയ യുവതി ബസില്‍ തട്ടിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പി. വി. മനോജാണ് ഭര്‍ത്താവ്. മക്കള്‍: പവിത്ര മനോജ്, പ്രാര്‍ഥന മനോജ്. പേട്ട പോലീസ് കേസെടുത്തു.