ജാതി പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമമെന്ന് പരാതി; വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ
1494152
Friday, January 10, 2025 6:48 AM IST
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിനെ വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ വൈസ് പ്രസിഡന്റിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് പോലീസ്, വനിതാ കമ്മീഷൻ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങിയവർക്കാണ് സെക്രട്ടറി പരാതി നൽകിയത്. വെള്ളിയാഴ്ച വൈകു ന്നേരം നാലരയോടെ ആണ് പരാതിയ്ക്കടിസ്ഥാനമായ സംഭവം നടന്നത്.
പഞ്ചായത്തിലെ ഫയലുകൾ തീർപ്പാക്കാനുള്ള കാര്യങ്ങളെ കുറിച്ച് ജീവനക്കാരുമായി സെക്രട്ടറി സംസാരിക്കുന്നതിനിടെ കാബിനുള്ളിൽ കടന്നുവന്ന വൈസ് പ്രസിഡന്റ് മോശമായ പദപ്രയോഗം നടത്തുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തശേഷം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് സെക്രട്ടറിയുടെ പരാതി.
വെള്ളനാട്ടിലെ പൊതുശ്മശാനത്തിന്റെ തകരാർ പരിഹരിക്കുന്നതിന് ഭരണസമിതി തീരുമാനം എടുക്കുന്നതിന് മുൻപ് രണ്ടു ലക്ഷം രൂപയുടെ ചെക്കുകൾ ഒപ്പിട്ട് നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സെക്രട്ടറി പറഞ്ഞു.
അതേ സമയം സെക്രട്ടറി സ്വയം ജാതി പറഞ്ഞ് തന്നെ അടിയ്ക്കാനാണ് ശ്രമിച്ചതെന്നും മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്തു നെടുമങ്ങാട് എസ്സി-എസ്ടി കോടതിയിൽ ഹാജരാക്കിയ ശ്രീകണ്ഠന് കോടതി ഉപാധികളോടെ ജ്യാമ്യം അനുവദിച്ചു.