റെയിൽവേയുടെ മതിൽ ഇടിഞ്ഞു വീണു: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറി തകർന്നു
1494396
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം: തന്പാനൂരിൽ റെയിൽവേയുടെ മതിലിടിഞ്ഞു വീണു കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറി തകർന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആർഎംഎസിനു സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്കും ബസ് സ്റ്റോപ്പിലേക്കും കൂറ്റൻ മതിൽ തകർന്നു വീഴുകയായിരുന്നു. ചുടുകല്ലുകളുടെയും കരിങ്കലുകളുടെയും ഇടയിൽനിന്ന് ജീവനക്കാരും വഴിയാത്രക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മതിലിടിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് പതിച്ചെങ്കിലും യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കല്ലുകൾ വീണു ജീവനക്കാരിൽ ഒരാളുടെ ബൈക്കും വഴിയാത്രക്കാരന്റെ സൈക്കിളും തകർന്നിട്ടുണ്ട്.
റെയിൽവേയുടെ ഭാഗമായുള്ള മതിൽ ഏതു നിമിഷവും ഇടിഞ്ഞുവീണേക്കാമെന്നു ചൂണ്ടിക്കാട്ടി കെ എസ്ആർടിസി പലതവണ റെയിൽവേക്ക് കത്തു നൽകിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു ജീവനക്കാർ ആരോപിക്കുന്നു.