ബൗദ്ധിക വെല്ലുവിളി നേരിടുന്നയാൾക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1494395
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുതൽ സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗൽ ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തിൽ പ്രാദേശിക അന്വേഷണം നടത്തി രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്കു നിർദേശം നൽകി.
നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം തീരുമാനമെടുക്കാനാണ് കമ്മീഷൻ നിർദേശിച്ചത്. തിരുമല സ്വദേശിനി സരസ്വതിയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.
തന്റെ സഹോദരന്റെ മകൻ അനിൽകുമാറിനു (53) വേണ്ടിയാണ് പരാതി നൽകിയത്. 62 വയസുള്ള തന്റെ കാലശേഷം അനിൽകുമാറിനെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയെ അനിൽകുമാറിന്റെ ലീഗൽ ഗാർഡിയനായി നിയമിക്കണമെന്ന് ശിപാർശ ചെയ്തു.
അനിൽകുമാറിന് അമ്മയും രണ്ടു സഹോദരിമാരുമുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ കുടുംബസ്വത്ത് ഭാഗിച്ചപ്പോൾ ഒന്പതു സെന്റ് അനിൽ കുമാറിനു നല്കി. എന്നാൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നയാളിന്റെ സംരക്ഷക എന്ന നിലയിൽ രേഖകൾ ശരിയാക്കുന്നതിനോ സ്വത്തിൽ നിന്നും ആദായമെടുക്കാനോ പരാതിക്കാരിക്കു കഴിഞ്ഞിട്ടില്ല.
നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം ലോക്കൽ ഗാർഡിയനായി നിയമിക്കുന്നതിനുള്ള അപേക്ഷ പരാതിക്കാരി ജില്ലാ കളക്ടർക്കു നല്കണമെന്നു കമ്മീഷൻ നിർദേശിച്ചു. തഹസിൽദാർ/വില്ലേജ് ഓഫീസർ മുഖേന പ്രാദേശിക അന്വേഷണം നടത്തി വിവരം പരാതിക്കാരിയെ ജില്ലാ കളക്ടർ അറിയിക്കണം.
പരാതിക്കാരിയുടെ കാലശേഷം അനിൽകുമാറിന്റെ ഗാർഡിയനായി നിയമിക്കാനുള്ള വ്യക്തിയെ കണ്ടെത്തണം. ആവശ്യമെങ്കിൽ ജില്ലാ കളക്ടർക്കു ജില്ലാ സാമൂഹികനീതി ഓഫീസറുടെ സഹായം തേടാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.