ഔഷധ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിക്കും
1494138
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: ഓണ്‍ലൈൻ മരുന്നു വ്യാപാരം തടയാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യത്തെ ഔഷധ വ്യാപാരികൾ ഈ മാസം അവസാനം കടകളടച്ചു പ്രതിഷേധിക്കും.
ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റിന്റെ ആഹ്വാന പ്രകാരം നടത്തുന്ന കടയടപ്പു സമരത്തിൽ കേരളത്തിലെ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചതായി പ്രസിഡന്റ് എ.എൻ. മോഹൻ, ജനറൽ സെക്രട്ടറി എൽ.ആർ. ജയരാജ്, ജില്ലാ സെക്രട്ടറി ജെ. ജയനാരായണൻ തന്പി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉപാധികളോടെയുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്തു കുത്തക കന്പനികൾ ഓണ്‍ലൈൻ പ്ലാറ്റ് ഫോം വഴി മരുന്നുകൾ വിൽക്കുകയാണ്. ഇതു നിയമവിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.