സർക്കാരിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങൾ കെഎസ്ആർടിസിയെ തകർത്തു: വി.ഡി.സതീശൻ
1494137
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: പിണറായി സർക്കാർ നടപ്പാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങൾ കെഎസ് ആർടിസിയെ തകർത്തുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാറിൽ ടൂറിസ്റ്റുകൾക്കു സ്ഥലങ്ങൾ കാണിക്കാനെന്നു പറഞ്ഞുകൊണ്ട് 35 ലക്ഷം മുടക്കി -മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ബസിൽ പോകുന്നവരുടെ ഷൂസ് കാണാൻ വേണ്ടി -രൂപമാറ്റം വരുത്തിയ ഈ ഡെബിൾ ഡെക്കർ ബസിന് ഇനി 15 മാസം മാത്രമാണു സർവീസ് നടത്താൻ കഴിയുന്നതെന്നും ഈ ബസ് രൂപമാറ്റം വരുത്താനായി ഏഴു മാസം ഡോക്ക് ചെയ്തിൽ തന്നെ 15 ലക്ഷത്തിലധികം രൂപ കളക്ഷനിൽ കെഎസ്ആർടിസിക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ് തു പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശൻ.
ജീവനക്കാരുടെ ശന്പളം കൃത്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാക്കുകൾ പാലിക്കുക, ഡിഎ കുടിശിക അനുവദിക്കുക, കെഎസ്ആർടിസിയിലെ അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. ടിഡിഎഫ് ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ, എൻ.ശക്തൻ, മര്യാപുരം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.