വീട് കുത്തിത്തുറന്ന് മോഷണം : അന്തർ സംസ്ഥാന മോഷണ സംഘം പോലീസ് പിടിയിൽ
1494144
Friday, January 10, 2025 6:40 AM IST
നേമം: കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മനോജ് കുമാർ (26), വിജയ് കുമാർ (25) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ കരമന പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബർ 25ന് വെളുപ്പിന് കരമന നെടുങ്കാട് പന്പ് ഹൗസിനു സമീപമുള്ള റിട്ട. ജയിൽ ഡിഐജിയുടെ പൂട്ടിക്കിടന്ന വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഉത്തർപ്രദേശിലേക്ക് കടന്ന പ്രതികൾ അടുത്ത മോഷണം നടത്തുന്നതിനായി തിരുവല്ലയിൽ എത്തിയപ്പോഴാണ് പിടിയിലായത്.
സിസിടിവി കാമറകളും പ്രതികളുടെ മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികൾക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശാനുസരണം ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രസാദിന്റെ നേതൃത്വത്തിൽ കരമന സിഐ അനൂപ്,
സിപിഒമാരായ ഹരീഷ് ലാൽ, ഹിരണ്‍ സിറ്റി ഷാഡോ പോലീസ് എസ്ഐ ഉമേഷ്, ഹരിലാൽ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.