മൊളിയൂർ സ്റ്റേഡിയം മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി നാട്ടുകാർ
1466527
Monday, November 4, 2024 7:14 AM IST
കാട്ടാക്കട: കായിക പ്രേമികൾക്കായി നിർമിച്ച മൊളിയൂർ സ്റ്റേഡിയം മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി നാട്ടുകാരുടെ പരാതി. പ്രദേശത്ത് അറവുശാല മാലിന്യമടക്കം ചാക്കുകെട്ടിലാക്കി നിക്ഷേപിക്കുന്നതായാണ് പരാതി. പ്രദേശത്ത് ദുർഗന്ധവും വർധിച്ചു വരുന്നതായി പ്രദേശവാസികൾ പറയുന്നു.
സബ് ആർടിഒ ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കെട്ടിടങ്ങളും നിരവധി വീടുകളും ഇതിനു സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്.
ഇപ്പോൾ സ്റ്റഡിയം പ്രദേശമാകെ കാടുമൂടിയ നിലയിലാണ്. പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മാലിന്യം തള്ളുന്നവർക്ക് 10,000 രൂപ പിഴയിടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടും മാലിന്യ നിക്ഷേപത്തിന് അറുതിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ പ്രദേശത്ത് തെരുവ് നായശല്യം വർധിച്ചതായും പരാതിയുണ്ട്.