പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
1460798
Saturday, October 12, 2024 6:09 AM IST
പാറശാല : സുഹൃത്തുകളോടൊപ്പം പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിലെ ഒരാളെ കാണാതായി. കൊല്ലംകോട് വള്ളവിള മഞ്ചത്തോപ്പ് കോളനിയിൽ ജസിലിയൻ മകൻ പ്രിട്ടിൽ റോയി (16) യെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന തൂത്തൂർ സ്വദേശികളായ ജിയോൺ (16), നിഖിൽ (17), സീസൺ (16) എന്നിവർ വെള്ളത്തിൽ ഇറങ്ങാത്തതിൽ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സുഹൃത്തുക്കളുമായി പൊഴിക്കരയിലെത്തിയ വിദ്യാർഥികൾ ഓരോരുത്തരായി ഇറങ്ങി കുളിക്കാമെന്ന് തീരുമാനിച്ചു. ഇവരിൽ പ്രിട്ടിൽ റോയ് ആദ്യമിറങ്ങി. പൊഴിമുറിഞ്ഞു കിടക്കുന്ന ഭാഗത്തോട് ചേർന്ന കായലിൽ നീന്തി കുളിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളുടെ നിലവിളി കേട്ട നാട്ടുകാർ ഉടൻതന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൂവാർ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ്, സ്കൂബ ടീം എന്നിവർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
പൊഴിയൂർ പോലീസ് സംഭ വത്തിൽ കേസെടുത്തു.പ്രിട്ടിൽ റോയ് തൂത്തൂര്‍ ഫൈസസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.