കൗൺസിലർമാരുടെ അതിർത്തി തർക്കം : വട്ടിയൂര്‍ക്കാവ്-കുരുവിക്കാട് റോഡിന് ശാപമോക്ഷമില്ല
1460796
Saturday, October 12, 2024 6:09 AM IST
പേരൂര്‍ക്കട: വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ റോഡിന്റെ പേരിൽ അതിര്‍ത്തി തര്‍ക്കമുണ്ടായതോടെ ശാപമോക്ഷമില്ലാതെ വട്ടിയൂര്‍ക്കാവ്-കുരുവിക്കാട് റോഡ്. 200 മീറ്റര്‍ നീളം വരുന്ന റോഡ് കഴിഞ്ഞ ഏഴുമാസമായി തകര്‍ന്നു കിടക്കുകയാണ്.
റോഡിന്റെ ഒരുവശം വലിയവിളയും മറുവശം വട്ടിയൂര്‍ക്കാവുമാണ്. അതിര്‍ത്തി തര്‍ക്കം വന്നതോടെ റോഡിന്റെ ഒരുവശം വലിയവിള വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് ഭാഗികമായി ടാര്‍ ചെയ്തു.
എന്നാല്‍ മറുവശം ഇപ്പോഴും തകര്‍ന്നുതന്നെ കിടക്കുന്നു. രണ്ടുവാര്‍ഡ് പരിധിയിലും ടാര്‍ ചെയ്യാതെ തകര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍ ഇനിയുമുണ്ട്. തകർന്ന റോഡിലെ കുഴികളിൽ മഴസമയത്ത് വെള്ളകെട്ട് സ്ഥിരമാകുന്നതോടെ ഇരുചക്രവാഹനങ്ങളടക്കം ബുദ്ധിമുട്ടുന്നതായി യാത്രക്കാർ പറയുന്നു.
പ്രദേശത്ത് മിക്ക ദിവസങ്ങളിലും വാഹനങ്ങൾ അപകടത്തിൽപെടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. തിരുവനന്തപുരം നഗരസഭ ഇടപെട്ട് ആവശ്യമായ ഫണ്ട് അനുവദിച്ച് അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് റോഡ് പൂര്‍ണമായി ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.