മാലിന്യം പുഴയായി...കരമനയാറിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു
1459526
Monday, October 7, 2024 6:38 AM IST
പേരൂർക്കട: വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കരമനയാർ ഒഴുകുന്നത് ടൺ കണക്കിന് മാലിന്യവും പേറി. വർഷങ്ങൾക്കു മുമ്പ് പമ്പിംഗ് നിലച്ച മണലയം ഭാഗത്ത് കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും കണ്ടാൽ ആരും ഒന്നും മൂക്കത്ത് വിരൽ വച്ചുപോകുന്ന നിലയിലാണ്.
ആറിന് വീതി കൂടിയും ഒഴുക്ക് നിലച്ചും കിടക്കുന്ന ഈ ഭാഗത്താണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം വന്നടിയുന്നത്. ജലത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് മാലിന്യം വെള്ളൈക്കടവ് ഭാഗത്തെ പമ്പിംഗ് സ്റ്റേഷന് സമീപമാണ് എത്തുന്നത്.
പേയാട്, കുണ്ടമൺകടവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ജലം പമ്പ് ചെയ്ത് എത്തിക്കുന്നത് വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ആശുപത്രിയിലെ സിറിഞ്ചുകളും മറ്റു മാലിന്യങ്ങളും എല്ലാം വെള്ളത്തിൽ കലർന്നാണ് ചെല്ലുന്നത്. ജലം ശുദ്ധീകരിക്കുന്നതിന് എത്രമാത്രം ക്ലോറിൻ ഉപയോഗിക്കണം, എന്തെല്ലാം മാനദണ്ഡങ്ങൾ സ്വീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ആറ്റിലെ വെള്ളം എത്രത്തോളം മലിനമായെന്ന് ആദ്യം കണക്കാക്കേണ്ടി വരും.
ഇതെല്ലാം കണക്കാക്കാനുള്ള സംവിധാനം ഇവിടെയുണ്ടോ എന്നുള്ളത് സംശയമാണ്. ദിനംപ്രതി നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികൾ ആറ്റിലൂടെ ഒഴുകുന്നത് കാണാം എന്ന് പ്രദേശവാസികൾ പറയുന്നു.
ചില അവസരങ്ങളിൽ ആറ്റിലെ വെള്ളം പുറമേ കാണാൻ സാധിക്കാത്ത രീതിയിലാണ് മാലിന്യം മൂടിക്കിടക്കുന്നത്. ഇത് ഭീകരമായ അവസ്ഥയാണെന്നും ആറിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ കുടിവെള്ള പ്രശ്നം മാത്രമല്ല പരിസ്ഥിതി പ്രശ്നവും ഉണ്ടാകുമെന്നും നാട്ടുകാരടക്കം പറയുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തെ മൊത്തത്തിൽ ബാധിക്കാവുന്ന പാരിസ്ഥിതിക പ്രശ്നമാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.