പൂജപ്പുര നവരാത്രി മണ്ഡപം ഇനി മന്ത്രമുഖരിതം
1458844
Friday, October 4, 2024 5:20 AM IST
പേരൂര്‍ക്കട: ഇനി ഒമ്പതു രാപ്പകലുകള്‍ മന്ത്രധ്വനികളാല് മുഖരിതമാകും പൂജാമണ്ഡപം. നൂറ്റാണ്ട് പിന്നിട്ട ആചാരപ്പെരുമ നാടിന് പൂജപ്പുരയെന്ന് പേരിട്ടു. പില്ക്കാലത്ത് നവരാത്രി പുണ്യദിനങ്ങള്ക്കൊപ്പം മനസില്‍ തെളിയുന്ന നാമമായി പൂജപ്പുരയും.
അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ പണികഴിപ്പിച്ചതാണ് പൂജപ്പുര മണ്ഡപവും സരസ്വതീ ക്ഷേത്രവും. 28 കരിങ്കല്‍ത്തൂണുകളാണ് മണ്ഡപത്തെ താങ്ങിനിര്‍ത്തുന്നത്. ഓരോ കരിങ്കല്ത്തൂണിലും ഇതിഹാസ കഥാപാത്രങ്ങളെ കൊത്തിവച്ചിരിക്കുന്നു.
വിജയദശമി ദിവസം രാവിലെ പൂജയെടുക്കുവാന് ആര്യശാല ദേവീക്ഷേത്രത്തില്‍ നിന്ന് കുമാരസ്വാമി പൂജപ്പുര മണ്ഡപത്തിലേക്ക് വെള്ളിക്കുതിരയില്‍ യാത്ര തിരിക്കും. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ എത്തുന്ന കുമാരസ്വാമിയെ കേരള പോലീസ് "ഗാര്‍ഡ് ഓഫ് ഓണര്‍' നല്കി വരവേല്‍ക്കും.
തുടര്‍ന്ന് കുമാരസ്വാമി സരസ്വതീ മണ്ഡപത്തില്‍ ഉപവിഷ്ടനാകും. വൈകുന്നേരം പൂജപ്പുരയില്‍ നിന്ന് യാത്ര തിരിക്കുന്ന കുമാരസ്വാമി ചാലയില്‍ എത്തും. ഈ സമയം ചെന്തിട്ട ഭഗവതീ ക്ഷേത്രത്തില്‍ നിന്ന് മുന്നൂറ്റി നങ്കയും ചാല ഇലക്കട ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളും.
നവരാത്രി മണ്ഡപത്തിലെത്തിത്തി തിരിച്ച് വരുന്നതോടെ അനന്തപുരിയിലെ നവരാത്രി ഉത്സവം സമാപിക്കും.