വീതികൂട്ടി വികസിപ്പിച്ചു; പക്ഷേ, കാടുമൂടി ചെളിക്കുളമായി റോഡ്
1571900
Tuesday, July 1, 2025 6:51 AM IST
മാറനല്ലൂർ: വീതി കൂട്ടി വികസിപ്പിച്ചു. പക്ഷേ റോഡ് കാടുമൂടി ചെളിക്കളമായി മാറി. പാൽക്കുന്ന്-പാപ്പാകോട് റോഡിനാണ് ഈ അവസ്ഥ.
ഇരുചക്രവാഹനംമാത്രം സഞ്ചരിച്ചിരുന്ന റോഡ് വഴി വീതികൂട്ടി വികസിപ്പിച്ചിട്ട് ആറുവർഷം കഴിഞ്ഞിട്ടും ടാറിട്ടില്ല. ഏലാ പ്രദേശം മണ്ണിട്ടുപൊക്കി വശങ്ങളിൽ പാർശ്വഭിത്തി നിർമാണംവരെ പൂർത്തിയാക്കിയെങ്കിലും ടാർചെയ്യാത്തതുകാരണം റോഡിൽ ചെളിക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ കാടു പന്തലിച്ച നിലയിലുമാണ്.
2019-20 കാലഘട്ടത്തിലാണ് റോഡ് നിർമിച്ച് പാർശ്വഭിത്തി കെട്ടിയുള്ള നിർമാണം നടന്നത്. ഐ.ബി. സതീഷ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പണികൾ പൂർത്തിയാക്കിയത്. മഴക്കാലമായാൽ റോഡിലെ ചെളിക്കെട്ടുകാരണം കാൽനടയാത്രപോലും ഇപ്പോൾ സാധിക്കുന്നില്ല. ഇരുചക്രവാഹനങ്ങൾ ചെളിയിൽ പുതയുന്നതും, തെന്നിവീഴുന്നതും പതിവായിരിക്കുകയാണ്. പാൽക്കുന്ന് പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ നെയ്യാറ്റിൻകര റോഡിൽ പ്രവേശിക്കാൻ കഴിയുന്ന റോഡാണ് ഇത്. റോഡ് നവീകരണം നടക്കാതെ വന്നതുമൂലം സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കോട്ടമുകൾ-പാൽക്കുന്ന് റോഡിലും, നെയ്യാറ്റിൻകര റോഡിൽ പാപ്പാകോടും എത്തുന്നതുകാരണം രക്ഷാകർത്താക്കൾക്ക് കുട്ടികളെ ഇവിടങ്ങളിൽ കാൽനടയായി കൊണ്ടുവിടേണ്ടിവരുന്നു. റോഡ് ചെളിക്കെട്ടായി മാറിയാൽ നടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ്.
റോഡ് നവീകരിക്കുന്നതിനായി നിർമാണോദ്ഘാടനം നടത്തിയെന്നു പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്നാണ് പഞ്ചായത്തംഗം വി.വി. ഷീബാമോൾ പറഞ്ഞത്. എന്നാൽ, ഐ.ബി. സതീഷ് എംഎൽഎയുടെ 18 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ പല തവണ പറഞ്ഞു. പക്ഷേ ഒന്നും നടന്നില്ല.