മൂന്നുമാസത്തിനകം തുടങ്ങുമെന്ന് പറഞ്ഞ കാത്ത് ലാബ് ഇനിയും യാഥാര്‍ഥ്യമായില്ല !
1572256
Wednesday, July 2, 2025 7:04 AM IST
മെഡിക്കൽ കോളജ് ആശുത്രിയിൽ രോഗികള്‍ ദുരിതപര്‍വത്തിൽ
മെഡിക്കല്‍കോളജ്: മൂന്നുമാസത്തിനകം തുടങ്ങുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ കാത്ത് ലാബ് 10 മാസമായിട്ടും യാഥാര്‍ഥ്യമായില്ല. കാത്ത് ലാബിന്റെ സേവനം കാത്തുകഴിയുന്നത് നിരവധി രോഗികള്‍. 2024 ഓഗസ്റ്റ് 10നാണ് കാത്ത്ലാബിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
2009-ല്‍ സ്ഥാപിച്ച കാര്‍ഡിയോളജി കാത്ത് ലാബ് മെഷീന്റെ കാലാവധി 10 വര്‍ഷമാണ്. 2020-ല്‍ കാലാവധി കഴിഞ്ഞ മെഷീന് സമയബന്ധിതമായി മാറ്റി സ്ഥാപിക്കാത്തതുകൊണ്ടാണ് കാത്തലാബിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വന്നത്. നിലവില്‍ എച്ച്ഡിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലാബ് ഇപ്പോഴുമുള്ളത്.
നൂറുകണക്കിനു രോഗികളാണു കാര്‍ഡിയോളജി വിഭാഗത്തില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ടെസ്റ്റുകള്‍ക്കും ചികിത്സയ്ക്കുമായി എത്തുന്നത്. ആറു മാസമോ ഒരു വര്‍ഷമോ വരെ ഇവര്‍ ചികിത്സയ്ക്ക് കാത്തിരിക്കേണ്ടതായി വരുന്നുവെന്ന ഭീകരമായ അവസ്ഥയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഇപ്പോഴുണ്ട്.
കൂടാതെ ഏഴു വര്‍ഷത്തോളമായി മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്കില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് സ്ഥലം സജ്ജീകരിച്ചിട്ടിരിക്കുന്നുണ്ട്. എന്നാല്‍ മെഷീന് മാത്രം എത്തിയിട്ടില്ല. ഏകദേശം ഒരുവര്ഷത്തിലേക്കു കടക്കുമ്പോഴും പാവങ്ങളുടെ ആതുരാലയത്തില്‍ കാത്ത് ലാബ് അടഞ്ഞുകിടക്കുന്നത് ഗുരുതരമായ കൃത്യവിലോപമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നതുവരെ ന്യൂറോ കാത്ത് ലാബിലും ഇന്റർവൻഷണല്‍ റേഡിയോളജി കാത്ത് ലാബിലും കാര്‍ഡിയോളജി വിഭാഗത്തിലെ രോഗികള്‍ക്ക് ടെസ്റ്റുകളും ചികല്‍സയും ലഭ്യമാക്കും എന്നാണ് ആശുപത്രി മേധാവികള്‍ പത്രക്കുറിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് അത്ര പ്രായോഗികമാകാത്തതിനാല് രോഗികള്‍ യാതനയിലാണ്. ന്യൂറോളജി സ് ടോക്ക് യൂണിറ്റിലുള്ള കാത്ത് മെഷീനില്‍ തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ പരിശോധനയും രക്തകുഴലുകളിലെ തടസങ്ങള്‍ മാറ്റുന്നതും മാത്രമാണ് ചെയ്യുവാന്‍ കഴിയുന്നത്.
ഒരു സ്ഥലത്തെ കാത്ത് മെഷീന് മറ്റൊരു ഡിപ്പാര്‍ട്ട്മെന്റില്‍ ഉപയോഗിക്കണമെങ്കില്‍ നിലവിലെ സോഫ്റ്റു വെയറുകള്‍ മാറ്റി പുതിയവ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടുന്നത്. അതിന് ഓരോ മെഷീനും 25 ലക്ഷത്തിലേറെ രൂപ ചെലവുവരും. കൂടാതെ ഓരോ മെഷീനും പ്രത്യകം ലൈസന്‍സും ഉണ്ടായിരിക്കണ്ടതാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും മെഷീന് എത്തിക്കുന്തിനോ ലാബ് പ്രവര്ത്തനസജ്ജമാക്കുന്നതിനോ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.