ഗതാഗത കരുക്കൊഴിയാതെ കരമന-കളിയിക്കാവിള ദേശീയപാത
1571675
Monday, June 30, 2025 6:49 AM IST
നെയ്യാറ്റിന്‍കര: അവധി ദിവസങ്ങളിലും കരമന- കളിയിക്കാവിള പാതയിലെ ബാലരാമപുരം, ആലുംമൂട് മുതലായ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന് ശമനമില്ലെന്നു യാത്രക്കാര്‍. വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായതോടെ രാവിലെയും വൈകുന്നേരവും ബാലരാമപുരം മുതല്‍ നെയ്യാറ്റിന്‍കര വരെ മിക്ക ജംഗ്ഷനുകളിലും ഗതാഗത കുരുക്കുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജംഗ്ഷനുകളുടെ പട്ടികയില്‍ ബാലരാമപുരം, ആലുംമൂട് ജംഗ്ഷന് എന്നിവയുള്‍പ്പെടുന്നു.
പലപ്പോഴും വഴിമുക്ക് മുതല്‍ ബാലരാമപുരം വരെ വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങാറുള്ളത്. ദേശീയപാതാ വികസനം ബാലരാമപുരം കൊടിനട വരെ സാധ്യമായിട്ടുള്ളൂ. ബാലരാമപുരം ജംഗ്ഷനിലൂടെ നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളുടെ നീണ്ട നിര ആരംഭിക്കുന്നതും കൊടിനടയിലാണ്. വിശാലമായ പാതയില്‍ നിന്നും ജംഗ്ഷനപ്പുറത്തെ വീതി കുറഞ്ഞ ഇടത്തേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കാണതെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ കെട്ടിടങ്ങള്‍ പൊളിക്കലും പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും പുരോഗമിക്കുന്നുണ്ട്. അതേസമയം, വേഗത്തില്‍ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. കൊടിനട മുതല്‍ വഴിമുക്ക് വരെയാണ് അടുത്ത ഘട്ട വികസനം.
നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലാവധിക്കു മുന്‍പ് പാത വികസനം സാക്ഷാത്കരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പോലും ബാലരാമപുരത്തും ആലുംമൂട് ജംഗ്ഷനിലുമൊക്കെ തുടരുന്ന ഗതാഗതക്കുരുക്ക് വലിയ യാത്രാക്ലേശം തീര്‍ക്കുന്നുവെന്ന് പലരും പറഞ്ഞു.