മരുതൂര്‍ കൊലപാതകം: പ്രതികളെ മാഞ്ഞാലിക്കുളത്തും കഴക്കൂട്ടത്തും എത്തിച്ചു തെളിവെടുത്തു
1571905
Tuesday, July 1, 2025 6:51 AM IST
പേരൂര്‍ക്കട: മണ്ണന്തല മരുതൂരില്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതി ഷംഷാദിനെയും സുഹൃത്ത് വിശാഖിനെയും പോലീസ് തിരുവനന്തപുരം മാഞ്ഞാലിക്കുളത്തും കഴക്കൂട്ടത്തും എത്തിച്ചു തെളിവെടുപ്പു നടത്തി. മാഞ്ഞാലിക്കുളം ടൂറിസ്റ്റ് ഹോമിലും കഴക്കൂട്ടത്തെ ഒരു ടൂറിസ്റ്റ് ഹോമിലുമാണ് പ്രതിയെ കൊണ്ടുവന്നത്.
മധുരയില്‍ സുഹൃത്തിനെ ആക്രമിച്ചശേഷം ജൂണ്‍ 10നു തിരികെയെത്തിയ ഷംഷാദ് മാഞ്ഞാലിക്കുളം ടൂറിസ്റ്റ് ഹോമില്‍ മുറിയെടുക്കുകയായിരുന്നു. മരണപ്പെട്ട സഹോദരി ഷഹീനയും അന്ന് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രണ്ടുമൂന്നു ദിവസം ഇവിടെ കഴിഞ്ഞശേഷമാണ് കഴക്കൂട്ടത്തെ ടൂറിസ്റ്റ് ഹോമിലേക്കു വന്നത്. പോലീസില്‍ നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ഒളിവില്‍ക്കഴിയുകയായിരുന്നു ഇവിടെയും. ജൂണ്‍ 14നാണ് മരുതൂരിലെ അത്രക്കാട്ടില്‍ എന്‍ക്ലേവ് ഹോംസ്റ്റേയില്‍ പ്രതി എത്തുന്നത്.
സുഹൃത്തുക്കളാണ് ഇയാള്‍ക്ക് ഇവിടെ മുറി തരപ്പെടുത്തി നല്‍കിയത്. ചെമ്പഴന്തി സ്വദേശിയായ ഒരു സുഹൃത്തിന്റെയും വട്ടപ്പാറ സ്വദേശികളായ ഷെഫിന്, ധനു എന്നിവരുടെയും വീടുകളിലും ഷംഷാദിനെ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോയിരുന്നു. തങ്ങള്‍ മുറി തരപ്പെടുത്തി കൊടുക്കുന്നതിനു മാത്രമേ അവിടെ ചെന്നിട്ടുള്ളൂ എന്നും പിന്നീട് ഷംഷാദിനെ കണ്ടിട്ടില്ലെന്നും ഇവര്‍ മൊഴി നല്കി.
ചെമ്പഴന്തിയിലെ സുഹൃത്തില്‍നിന്ന് ഷംഷാദ് 3,000 രൂപ കടം വാങ്ങിയിരുന്നു. ആ പണം തിരികെ ചോദിക്കുന്നതിനു വേണ്ടിയാണ് കൊലപാതകം നടക്കുന്നതിനു തലേദിവസം ചെമ്പഴന്തിയിലെ സുഹൃത്ത് മരുതൂരില്‍ ഷംഷാദിനെ കാണാന്‍ എത്തിയതെന്നും മണ്ണന്തല എസ്ഐ ആര്.എസ്. വിപിന്‍ പറഞ്ഞു.