വനപാലകനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ
1572260
Wednesday, July 2, 2025 7:04 AM IST
വിതുര: പൊന്മുടി യാത്രക്കിടയിൽ വനപാലകനെ കൈയേറ്റം ചെയ്ത പ്രതിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കിളിയൂർ കാരുണ്യ ഭവനിൽ സുജിയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം സുഹൃത്തുക്കളുമൊത്ത് ട്രാവലർ വാഹനത്തിൽ പൊന്മുടിയിൽ പോകുന്നതിനിടയിൽ കാട്ടിനുള്ളിലെ മൃഗങ്ങൾക്കു ശല്യം ഉണ്ടാവുന്ന രീതിയിൽ വാഹനത്തിലെ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് വലിയ ശബ്ദം പുറപ്പെടുവിച്ചു.
കൂടാതെ പൊന്മുടിയിൽ പോയി തിരിച്ചു വരുന്നവഴി ഗോൾഡൻ വാലി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു വിതുര പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ വെള്ളറട സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു.