സെപ്റ്റിക് ടാങ്കിൽ വീണ വയോധികയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് അധികൃതർ
1572253
Wednesday, July 2, 2025 6:51 AM IST
കോവളം: മാലിന്യവും വെള്ളവും നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ വീണു മുങ്ങിത്താഴാറായ വയോധികയ്ക്കു ഫയർ ഫോഴ്സ് അധികൃതർ രക്ഷകരായി. വീഴ്ചയിൽ കാലിനു ഗുരുതരമായി പരിക്കേറ്റ വാഴമുട്ടം, കുഴിവിളാകം, ബിനു ഭവനിൽ സരസ്വതി (73) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനോട് ചേർന്ന് 20 അടിയോളം താഴ്ച്ചയുള്ള ഉപയോഗിച്ച് കൊണ്ടിരുന്ന സെപ്റ്റിക് ടാങ്കിന്റെ സ്ളാബ് പൊട്ടിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിനു പുറകുവശത്തുകൂടെ നടക്കുന്നതിനിടയിൽ കാലപ്പഴക്കം ചെന്ന സ്ലാബിന്റെ അപകടാവസ്ഥയറിയാതെ ചവിട്ടിയതാണ് തകർച്ചയ്ക്ക് കാരണമായത്. സ്ലാബ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ മാലിന്യം നിറഞ്ഞ വെള്ളത്തിൽ മുങ്ങിത്താണശേഷം പൊങ്ങി വരുന്ന സരസ്വതിയെ യാണു കണ്ടത്.
ജീവനു വേണ്ടിയാചിച്ച സരസ്വതിയുടെ രക്ഷക്കായി വീട്ടുകാർ സമീപത്തുണ്ടായിരുന്ന ഒരു ഏണിടാങ്കിലേക്കിറക്കി.അതിൽ പിടിമുറുക്കി കഴുത്തറ്റം വെള്ളത്തിൽ താഴ്ന്നു കിടന്ന വ്യദ്ധയെ സാഹസികമായ രീതിയിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
40 വർഷത്തോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന സെപ്റ്റിക് ടാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത മഴയിൽ വെള്ളവും നിറഞ്ഞിരുന്നു. കൂടാതെ മുകളിലുണ്ടായിരുന്ന ബാക്കി സ്ലാബുകൾ ഏതുനിമിഷവും തകർന്നു താഴെക്ക് പതിക്കാവുന്ന അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർസ്റ്റേഷനിൽനിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ് എന്നിവർ അപകടം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ ലാഡറിന്റെ സഹായത്തോടെ ഇറങ്ങി വയോധികയെ രക്ഷപ്പെടുത്തി. വീഴ്ചയിൽ ഇടത്തെ കണംകാലിനു ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു.