കെട്ടിടാവശിഷ്ടങ്ങള്‍ ഫുട്പാത്തില്‍; കാല്‍നടയാത്രികര്‍ ദുരിതത്തില്‍
1572257
Wednesday, July 2, 2025 7:04 AM IST
പേരൂര്‍ക്കട: കെട്ടിടങ്ങള്‍ ഇടിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ റോഡുവശത്ത് ഫുട്പാത്തില്‍ ഉപേക്ഷിക്കപ്പെട്ടതോടെ കാല്‍നടയാത്രികര്‍ ദുരിതത്തില്‍. പേരൂര്‍ക്കട അഖിലം ഓഡിറ്റോറിയത്തിനു സമീപത്തുനിന്നു മസ്ജിദ് റോഡിനു സമീപം വരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ ഫുട്പാത്തില്‍ കൂടിക്കിടക്കുന്നത്. ട്രാഫിക് ബ്ലോക്ക് വർധിക്കുന്ന അവസരങ്ങളില്‍ സൈക്കിളുകളും മറ്റും ഫുട്പാത്തിലൂടെ ഓടിച്ചുപോകുമ്പോള്‍ അവശിഷ്ടങ്ങള്‍ ഫുട്പാത്തിലേക്കും റോഡിലേക്കു തെറിച്ചുവീഴുകയും ചെയ്യുന്നുണ്ട്.
കട്ടിയുള്ള കോണ്‍ക്രീറ്റ് കട്ടകളും ചുടുകല്ലുകളും മറ്റും ഫുട്പാത്തില്‍ കിടക്കുന്നത് വയോധികരായ കാല്‍നടയാത്രികരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. കച്ചവടസ്ഥാപനങ്ങള്‍ ഇടിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങളാണു മാസങ്ങളായി ഫുട്പാത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഏകദേശം എട്ടു കടമുറികള്‍ ഈ ഭാഗത്ത് ഇടിച്ചുമാറ്റിയിട്ടുണ്ട്.
ചിലതു ഇടിച്ചുമാറ്റി ഗ്രൗണ്ടാക്കി വാഹനപാര്‍ക്കിംഗിന് അനുമതി നല്‍കിയിരിക്കുകയാണ്. പിഡബ്ല്യുഡിയോ തിരുവനന്തപുരം നഗരസഭയോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നു പരാതിയുണ്ട്. ശക്തമായ മഴപെയ്യുമ്പോള്‍ മണ്ണും ചുടുകട്ടയും മറ്റും വെള്ളത്തിലൂടെ ഒഴുകി കുഴഞ്ഞു കിടക്കുന്നതും കാണാം.
അന്ധരായിട്ടുള്ള ലോട്ടറിടിക്കറ്റ് വില്‍പ്പനക്കാരും മറ്റും ഇതുവഴി നടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ചില അവസരങ്ങളില്‍ ഇവര്‍ക്ക് പൊതുജനങ്ങളില്‍ ചിലര്‍ സഹായവുമായി എത്താറുമുണ്ട്. കെട്ടിടഭാഗങ്ങള്‍ ഇടിച്ചിട്ടതിനു സമീപത്തായി ട്രാഫിക് സിഗ്നല്‍ പോസ്റ്റുണ്ട്. വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തിയിടുമ്പോള്‍ കാല്‍നടയാത്രികര്‍ക്ക് അല്‍പ്പസമയംപോലും റോഡിലൂടെ ഇറങ്ങി നടക്കാനും സാധിക്കുകയില്ല.
ഏകദേശം 100 മീറ്റര്‍ ദൂരത്തിലാണ് ഫുട്പാത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ അധികൃതര്‍ നടപടിയെടുക്കാത്തതെന്തെന്നാണ് പ്രദേശവാസികളുടെ ചോദ്യം.