‘മണ്ണറക്കോണം സർക്കാർ എല്‍പിഎസിന് സ്ഥലംമാറ്റം’
1458010
Tuesday, October 1, 2024 5:59 AM IST
പേരൂര്‍ക്കട: ചരിത്രമുറങ്ങുന്ന, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം ഗവ. എല്‍പിഎസ് മാറ്റിസ്ഥാപിക്കുന്നു. വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായാണ് സ്കൂളിന് സ്ഥലം നഷ്ടമാകുന്നത്. നിലവില്‍ 17 സെന്റിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
1894ല്‍ സ്ഥാപിതമായ സ്കൂളില്‍ നിലവില്‍ 200ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പ് നടന്നുവരികയാണ്.
ജംഗ്ഷനിലെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്കി ഒഴിപ്പിച്ചു കഴിഞ്ഞു. ആദ്യകാലത്ത് ശക്തമായ എതിര്‍പ്പ് സ്കൂള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് പടിപടിയായി നീങ്ങുകയായിരുന്നു. മേലത്തുമേലേ റോഡിനും കാച്ചാണി റോഡിനും മധ്യേയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
മേലത്തുമേലെയുള്ള റിപ്രോഗ്രാഫിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനു സമീപം 50 സെന്റ് സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ സ്മാര്‍ട്ട് ക്ലാസ്റൂം ഉള്‍പ്പെടെ പണിയുമെന്ന് വി.കെ പ്രശാന്ത് എംഎല്‍എ അറിയിച്ചു.
ആദ്യം വട്ടിയൂര്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഭാഗമാക്കി എല്‍പി സ്കൂളിനെ മാറ്റാന്‍ ശ്രമമുണ്ടായതാണ് എതിര്‍പ്പിന് കാരണമായിരുന്നത്. ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്കൂള്പ്പഴമ നഷ്ടമാകുമെങ്കിലും മികച്ച രീതിയിലുള്ള അധ്യയനം പുതിയ സ്ഥലത്ത് ലഭിക്കുമെന്നതില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും സന്തോഷത്തിലാണ്.
പ്രശാന്ത്