തണല്‍ പദ്ധതിയിലൂടെ വീടുനിര്‍മിച്ചു നല്കി
1454420
Thursday, September 19, 2024 6:40 AM IST
വെള്ളറട: നിരാലംരായ നിരവധി പേരുടെ ജീവിതത്തെ സാര്‍ഥകമാക്കിയ സ്വപ്ന പദ്ധതികളുടെ സൃഷ്ടാവ് ടി.ടി. പ്രവീണ്‍, തണല്‍ എന്ന പാര്‍പ്പിട പദ്ധതിയിലൂടെ നിർമിച്ച പുതിയ വീടിന്റെ താക്കോല്‍ മെയ്പുരത്തെ മുരിക്കറയ്ക്കല് വിനിതയ്ക്ക് കൈമാറി.
സിഎസ്ഐ ദക്ഷിണകേരള മഹാ ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായിരിക്കെ സാധുജനങ്ങള്‍ക്കായി ആവിഷ്കരിച്ചു നടപ്പിലാക്കിയ ക്ഷേമ പരിപാടിയാണ് സപ്തപദ്ധതികള്. അതിലൊന്നാണ് തണല്‍ പാര്‍പ്പിട പദ്ധതി. ഈ പദ്ധതിയില്‍ വിധവകളും നിരാലംബരുമായ വനിതകള്‍ക്ക് ഒന്‍പതു വീടുകള്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രസ്താവിച്ചിരുന്നത്. അതില്‍ ഒമ്പതാമത്തെ വീടാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വിനിതയ്ക്ക് രണ്ടുമക്കളുണ്ട്. അജിഷയും അഖിലും. ഒമ്പതാം ക്ലാസിലും അഖില്‍ രണ്ടാം ക്ലാസിലുമാണ് മക്കൾ പഠിക്കുന്നത്. നേരത്തെ മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് കൊല്ലാന്‍ ഭര്‍ത്താവ് ശ്രമിച്ചിരുന്നു. തുടർന്നു മാരകമായ പൊള്ളലേറ്റു ചികിത്സയിലായിരുന്നു വിനിത.
മൈക്കിള്‍ ചാരിറ്റി ട്രസ്റ്റാണ് വീടുകളുടെ നിര്‍മാണ ചെലവ് വഹിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും അടങ്ങുന്ന വൈദ്യുതിയും വാട്ടര്‍കണക്ഷനും ഉള്‍പ്പെട്ട ഗൃഹമാണ് നിർമിച്ചു നൽകിയത്.