ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ദീപശിഖാ പ്രയാണം
1452502
Wednesday, September 11, 2024 6:27 AM IST
തിരുവനന്തപുരം: ബഥനി മിശിഹാനുകരണ സന്ന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി, സമൂഹസ്ഥാപകൻ ധന്യൻ മാർ ഈവാനിയോസ് അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽനിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ദീപശിഖ ആശിർവദിച്ചു. ബഥനി സന്ന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ ഡോ. മദർ ആർദ്ര ദീപശിഖ ഏറ്റുവാങ്ങി.
ബഥനിയുടെ ഈറ്റില്ലമായ തിരുമൂലപുരം മഠത്തിലേക്കാമ് ദീപശിഖാ പ്രയാണം നടത്തുന്നത്. നാലാഞ്ചിറ, ബഥനി പ്രൊവിൻഷ്യൽ മന്ദിരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷമാണ് പദയാത്രയായി പട്ടത്തെ കബറിങ്കൽ എത്തിച്ചേർന്ന സംഘം, ദീപശിഖ ഏറ്റുവാങ്ങി നാലാഞ്ചിറ ബഥനി പ്രൊവിൻഷ്യൽ ആശ്രമം, പിരപ്പൻകോട് സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ്, ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി,
വാളകം സെന്റ് മേരീസ് ബഥനി സെൻട്രൽ സ്കൂൾ, ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി, തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച്, ബഥനിയുടെ ആദ്യമന്ദിരമായ തിരുമൂലപുരം ബഥനി പ്രൊവിൻഷ്യൽ ഹൗസിൽ എത്തിച്ചേരും.