ഫിഷറിസ് വകുപ്പിന്റെ അപ്രമാദിത്തം അവസാനിപ്പിക്കണം: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1451401
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ ഇരുന്പ് ബോട്ടുകളുടെയും 12 വർഷം കഴിഞ്ഞ മര ബോട്ടുകളുടെയും ലൈസൻസ് പുതുക്കി നൽകാതെ മത്സ്യ ബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഫിഷറിസ് ഉദ്യോഗസ്ഥരുടെ അപ്രമാദിത്യം അവസാനിപ്പിച്ച് ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തയാറാകണമെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസും ഫെഡറേഷൻ യൂത്ത് ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം പനയടിമ ജോണും ആവശ്യപ്പെട്ടു.
1000 ത്തോളം ബോട്ടുകൾക്ക് ഇതുവരെ ലൈസൻസ് പുതുക്കി കൊടുത്തില്ല. 2020നു ശേഷം ലൈസൻസ് നൽകുന്നതിൽ ചില നിയന്ത്രണം ഫിഷറിസ് വകുപ്പ് അടിച്ചേൽപ്പിച്ചത് മൂലം മീൻപിടുത്ത മേഖല ആകെ പ്രതിസന്ധിയിലാണ്. 2022ലെ പരിഷ്കരിച്ച ഉത്തരവ് പ്രായോഗികമല്ല.
ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്ക് ഇൻഷ്വറൻസും നൽകാറില്ല.
ഫിഷറിസ് വകുപ്പ് രജിസ്ട്രേഷനും പുതുക്കില്ല. ഇതിനാൽ അപകടമുണ്ടായാൽ ഇൻഷ്വറൻസ് കിട്ടാറില്ല. കേരള തീരത്തുടനീളം ഈ പഴക്കം ചെന്ന ബോട്ടുകളിൽ 10,000 ത്തോളം തൊഴിലാളികളാണ് ദിനംപ്രതി ജീവിച്ചു പോകുന്നത്. ലൈസൻസില്ലാത്ത ബോട്ടുകൾ മീൻ പിടുത്തത്തിന് പോയാൽ ഫിഷറീസ് വകുപ്പ് പരിശോധിച്ചു പിഴ ഈടാക്കും.
നിലവിലെ ബോട്ടുകൾക്ക് പകരം പുതിയ ബോട്ട് വാങ്ങണമെങ്കിൽ 50 ലക്ഷത്തോളം രൂപ വേണ്ടിവരും അവർക്കു യാനങ്ങൾ വാങ്ങാൻ സാന്പത്തിക ബുദ്ധിമുട്ടുണ്ട്. പഴയ ബോട്ടുകൾക്ക് 1500 രൂപ മുതൽ 2000 രൂപയാണ് ലൈസൻസ് ഫീസ് അടയ്ക്കുന്നത്. ഇപ്പോൾ പുതിയ ബോട്ടുകൾക്ക് 25,000 ഫീസും വകുപ്പ് നിശ്ചയിച്ചു. ഈ സാന്പത്തിക ബാധ്യത ഇവർക്ക് താങ്ങാനാകില്ല.