പ്രതിഷേധം ഫലം കണ്ടു; റോഡരികിലെ മാലിന്യകൂമ്പാരം നീക്കം ചെയ്തു
1451107
Friday, September 6, 2024 6:42 AM IST
കാട്ടാക്കട : നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു. കാട്ടുവിള- മുക്കംപാലമൂട് റോഡിലെ മാലിന്യകൂമ്പാരം നീക്കം ചെയ്തു. നിരന്തരമായി സാമൂഹിക വിരുധർ നടത്തുന്ന മാലിന്യ നിക്ഷേപം തടയാനായി നാട്ടുകാർ അധികൃതർക്കു നൽകിയ പരാതികളിൽ പരിഹാരം കാണാതായതോടെയാണ് പ്രതിഷേധം ആരംഭിച്ചിരുന്നത്.
ഹോട്ടൻ മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളുമടക്കം പ്രദേശത്തു നിക്ഷേപിച്ചിരുന്നു. മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി വാർഡിൽ ഉൾപ്പെട്ട ഭാഗമാണ് പ്രദേശം. ദുർഗന്ധം കാരണം വഴിയാത്രക്കാരും ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യ നിക്ഷേപം രൂക്ഷമായതോടെ പ്രദേശത്തെ കിണറുകളിലും വെള്ളം മലിനമാകാൻ തുടങ്ങിയിരുന്നു. തെരുവുനായ ശല്യവും വർധിച്ചതോടെയാണ് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചിരുന്നത്.
ഇതോടെ പഞ്ചായത്ത് ഇടപെട്ട് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് മാലിന്യ നിക്ഷേപം തടയാനായി സിസിടിവി സ്ഥാപിക്കുമെന്നും രാത്രികാല പോലീസ് പട്രോളിംഗ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.