റീ-ടാര്‍ ചെയ്ത റോഡ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു
1443704
Saturday, August 10, 2024 6:51 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ്-നെട്ടയം റോഡിൽ വൻ ഗർത്തങ്ങൾ. രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരി ച്ചാൽ നാട്ടുകാർക്ക് താണ്ടേണ്ടി വരുന്നതു നിരവധി ഗര്‍ത്തങ്ങൾ. റീ-ടാര്‍ ചെയ്യുന്ന റോഡിനുള്ളത് മാസങ്ങളുടെ ആയുസുമാത്രം. അതിനുള്ളില്‍ ഒന്നുകില്‍ വാട്ടര്‍അഥോറിറ്റി അല്ലെങ്കില്‍ പിഡബ്ല്യുഡി റോഡ് കുത്തിപ്പൊളിക്കും. പൈപ്പു പൊട്ടുന്നതും മറ്റാവശ്യങ്ങള്‍ക്കു റോഡ് കുഴിക്കുന്നതുമാണു ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ കാരണം.
കുഴിച്ച റോഡ് പിന്നീട് മണ്ണിട്ടുമൂടും. മഴ ശക്തമാകുന്നതോടെ വെള്ളക്കെട്ടാകുന്ന റോഡില്‍ കുഴിയുടെ വലുപ്പവും കൂടും. ഇതോടെ വാഹനങ്ങള്‍ കുഴികളില്‍ വീഴുകയായി. വാഹനയാത്രികര്‍ക്ക് ഇവിടെ അപകടങ്ങളുണ്ടായ സംഭവവും നിരവധിയാണ്. ഓട്ടോറിക്ഷകള്‍ ഇതുവഴി വരാന്‍ മടിക്കുന്നു. വരുന്നവ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മഴ ഒഴിഞ്ഞിട്ടും കുഴികളിലെ വെള്ളക്കെട്ടിനു കുറവില്ല.
നെട്ടയം, വട്ടിയൂര്‍ക്കാവ് വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന റോഡാണ് ഇത്. റോഡിന്റെ ദുരവസ്ഥമൂലം ഇരുചക്ര വാഹനയാത്രികര്‍ പോലും ഇതുവഴി സൂക്ഷിച്ചാണു കടന്നുപോകുന്നത്. യാത്രികരുടെ നടുവൊടിക്കുന്ന ഗര്‍ത്തങ്ങള്‍ താല്ക്കാലികമായിട്ടെങ്കിലും മൂടാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നതാണ് ആവശ്യം.