കനത്ത മഴയിൽ വാഴകൃഷി വ്യാപകമായി നശിക്കുന്നു
1424236
Wednesday, May 22, 2024 6:33 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക്കില്‍ തോരാതെ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വ്യാപകമായ കൃഷി നാശം. ആയിരക്കണക്കിന് വാഴകള്‍ മഴക്കെടുതിക്കിരയായി. മഴ ശമിച്ചാൽ മാത്രമേ നഷ്ടക്കണക്കുകള്‍ വ്യക്തമായി തിട്ടപ്പെടുത്താനാകൂയെന്ന് കര്‍ഷകരും കൃഷി ഭവന് അധികൃതരും അറിയിച്ചു.
നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ പെരുന്പഴുതൂര്‍ കൃഷി ഭവന്റെ കീഴിലുള്ള ഇരുന്പില്‍, മരുതത്തൂര്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി നശിച്ചു. അയ്യായിരത്തോളം വാഴകള്‍ മഴയത്ത് നശിച്ചതായാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. നഗരസഭയോട് ചേര്‍ന്ന അതിയന്നൂര്‍ പഞ്ചായത്തിലെ അരങ്ങില്‍, വെണ്‍പകല്‍ മുതലായ പ്രദേശങ്ങളിലും വാഴ കൃഷി നശിച്ചു. ശാസ്താന്തലയിലും നേരിയ തോതില്‍ വാഴ കൃഷിക്ക് നാശനഷ്ടമുണ്ടായി. ആകെ മൂവായിരത്തോളം വാഴകള്‍ നശിച്ചതായാണ് ഇന്നലെ വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൃത്യമായ നാശ നഷ്ട കണക്ക് തിട്ടപ്പെടുത്താന്‍ കഴിയില്ല. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്ക്കുന്നതും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ തന്നെ കാര്യമായി നെല്‍കൃഷിയുള്ള പഞ്ചായത്താണ് ചെങ്കല്‍. തുടര്‍ച്ചയായി പെയ്യുന്ന മഴ ഇവിടുത്തെ നെല്‍കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. അയ്യായിരത്തോളം വാഴകള്‍ ചെങ്കല്‍ കൃഷി ഭവന്റെ പരിധിയിലെ പ്രദേശങ്ങളില്‍ മഴക്കെടുതിയിലകപ്പെട്ട് നശിച്ചു. തിരുപുറം കൃഷി ഭവന്റെ പരിധിയിലും അയ്യായിരത്തോളം വാഴകള്‍ നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍.
വാഴ ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കും. അതേ സമയം, കര്‍ഷകര്‍ പലരും വാഴ ഇന്‍ഷ്വറന്‍സ് അത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലായെന്നതും യാഥാര്‍ഥ്യം. ഇന്‍ഷ്വര്‍ ചെയ്യാത്ത വാഴകള്‍ മഴയത്ത് നശിച്ചിട്ടുണ്ടെങ്കില്‍ ആ നഷ്ടവുമായി ബന്ധപ്പെട്ട പരാതികള്‍ പ്രകൃതിക്ഷോഭത്തിന്റെ ആനുകൂല്യത്തിലാണ് ഉള്‍പ്പെടുത്തുക.
എന്തായാലും, മഴ ഇനിയും തുടര്‍ന്നാല്‍ താലൂക്കിലെ വാഴ കൃഷി നാശത്തിന്റെ കണക്കുകള്‍ നിലവിലുള്ളതിനെക്കാള്‍ ഉയരുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വാഴ കൃഷി ചെയ്ത നൂറു കണക്കിന് കര്‍ഷകര്‍ ആശങ്കയിലുമാണ്.