ഭൂമിപുത്രി - രംഗാവിഷ്കാരവുമായി ലത കുര്യൻ രാജീവ്: അവതരണം നാളെ
1417302
Friday, April 19, 2024 1:31 AM IST
തിരുവനന്തപുരം: ഭൂമിപുത്രി എന്ന രംഗാവിഷ്കാരം നാളെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. സ്പെയിനിൽ നിന്നുള്ള ഫ്ളെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോ, കളരി കലാകാരൻ രാം കുമാർ എന്നിവരാണ് ഈ രംഗാവിഷ് കാരത്തിൽ പ്രധാനമായും വേദിയിലെത്തുന്നത്. ഒപ്പം മിഴാവ് വിദ്വാൻ കലാമണ്ഡലം രാഹുൽ അരവിന്ദും ഉണ്ട്.
സ്പാനിഷ് പാരന്പര്യത്തിലെ ഫ്ളെമെൻകോ നൃത്തരൂപത്തിന്റെയും കേരളത്തിലെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ സമന്വയമാണ് പ്രമുഖ ആർട്ട് ഹിസ്റ്റോറിയനും ക്രിയേറ്റീവ് കണ്‍സൾട്ടന്റുമായ ലതാ കുര്യൻ രാജീവ് അരങ്ങിലെത്തിക്കുന്ന ഭൂമിപുത്രി.
വൈലോപ്പിള്ളി സംസ് കൃതി ഭവനിലെ ആംഫി തീയറ്ററ്ററിൽ നാളെ വൈകുന്നേരം 7.15ന് അവതരിപ്പിക്കുന്ന പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമണ്. അനുഭവപാഠങ്ങളിലൂടെ സ്വത്വം തിരിച്ചറിയുന്ന സ്ത്രീയുടെ യാത്രയാണ് ഈ കാവ്യ നൃത്തരൂപം അടയാളപ്പെടുത്തുന്നതെന്നു ലത കുര്യൻ രാജീവ് പറഞ്ഞു.
പുരുഷനിൽ അന്തർലീനമായ ദേവീശക്തിയുടെ കണ്ടെത്തലും തിരിച്ചറിവും മറ്റൊരു തലമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ വിശാലമായ അർഥതലങ്ങളെയും സ്ത്രീപുരുഷ ബന്ധങ്ങളുടെ സൂക്ഷ്മമായ ഭൂമികകളെയും അഭിസംബോധന ചെയ്യാനാണ് ഭൂമിപുത്രി ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
വൈലോപ്പിള്ളി സംസ് കൃതി ഭവന്റെയും ഗോയ്ഥെ സെൻട്രത്തിന്റെയും സഹകരണത്തോടു കൂടി ലാ ഗ്യാലറി 360 ആണ് ഈ കാവ്യ നൃത്ത ആവിഷ്കാരം വേദിയിലെത്തിക്കുന്നത്. രാജരാജേശ്വരിയാണ് തിരക്കഥ നിർവഹിക്കുന്നത്. സാജു ശ്രീനിവാസ് സംഗീത സംവിധാനവും കലാമണ്ഡലം വിനോദ് ആലാപനവും നിർവഹിക്കും.