കേരളാ സർവകലാശാല അത്ലറ്റിക് ചാന്പ്യൻഷിപ്പ് : കിരീടം കാര്യവട്ടത്തിന്
1375108
Saturday, December 2, 2023 12:37 AM IST
തിരുവനന്തപുരം: അവസാന രണ്ടു ദിനം ഒപ്പത്തിനൊപ്പമുളള പോരാട്ടം. ചാന്പ്യൻമാർ ആരെന്നറിയാൻ അവസാന മത്സര ഇനം വരെ കാത്തു നില്‍ക്കേണ്ട സ്ഥിതി. കേരളാ സർവകലാശാല അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ തീപ്പൊരി പോരാട്ടത്തിനൊടുവിൽ കാര്യവട്ടം ലക്ഷ്മീഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽഎൻസിപിഇ) ചാന്പ്യൻമാരായി.
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടത്ത പോരാട്ടത്തിൽ 149 പോയിന്റോടെ കാര്യവട്ടം എൽഎൻസിപിഇ കിരീടത്തിൽ മുത്തമിട്ടപ്പോൾ 139 പോയിന്റുമായി പുനലൂർ എസ്എൻ രണ്ടാം സ്ഥാനത്തും മുൻ വർഷത്തെ ചാന്പ്യൻ കോളജുകളെ പിന്നിലാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് 90 പോയിന്റുമായി മൂന്നാമതും എത്തി.
ആലപ്പുഴ എസ്ഡി 89 പോയിന്റുമായി നാലാം സ്ഥാനത്തും അഞ്ചൽ സെന്റ് ജോണ്‍സ് 70 പോയിന്റുമായി അഞ്ചാമതുമെത്തി കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ തിരുവനന്തപുരം മാർ ഈവാനിയോസ് 69 പോയിന്റുമായി പട്ടികയിൽ ആറാമതാണ്.
ജോമോനും നയനയും താരങ്ങൾ
മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി കൊല്ലം ടികഐമ്മിലെ ജോമോനും വനിതാ അത്ലറ്റായി ചെന്പഴന്തി എസ്എൻ കോളജിലെ നയനാ ജോസിനെയും തെരഞ്ഞെടുത്തു. 400 മീറ്റർ ഹർഡിൽസിലെ സുവർണ നേട്ടമാണ് നയനയ്ക്ക ഈ അംഗീകാരം നേടിക്കൊടുത്തത്.
കാര്യവട്ടത്തിന് പെണ്‍കരുത്ത്
പെണ്‍കരുത്തിന്റെ പിൻബലത്തിലാണ് കാര്യവട്ടം ചാന്പ്യൻപട്ടം സ്വന്തമാക്കിയത്. ആകെ നേടിയ 149 പോയിന്റിൽ 116 ഉം പെണ്‍പട സമ്മാനിച്ചത്. ഈ പോരാട്ടം ഓവറോൾ ചാന്പ്യൻഷിപ്പും വനിതാവിഭാഗത്തിലെ ചാന്പ്യൻപട്ടവും കാര്യവട്ടത്തിന് നേടിക്കൊടുത്തു.
വനിതാ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പായ പുനലൂർ എസ്എസ് 71 പോയിന്റാണ് നേടിയത്. കൊല്ലം എസ്എൻ 29 പോയിന്റോടെ വനിതാ വിഭാഗത്തിൽ മൂന്നാമതുമെത്തി.
പുരുഷശക്തിയിൽ യൂണിവേഴ്സിറ്റി കോളജ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയാണ് പുരുഷവിഭാഗം ചാന്പ്യൻ പട്ടം നേടിയത്. ഓടിയും ചാടിയും 83 പോയിന്റാണ് യൂണിവേഴ്സിറ്റി കോളജിന്റെ കായിക പ്രതിഭകൾ വാരിക്കൂട്ടിയത്. 62 പോയിന്റുമായി ആലപ്പുഴ എസ്ഡി റണ്ണേഴ്സ് അപ്പായപ്പോൾ ഒരു പോയിന്റ് വ്യത്യാസത്തിൽ 61 പോയിന്റോടെ പുനലൂർ എസ്എൻ മൂന്നാം സ്ഥാനത്തെത്തി.
മഴയോടെ മീറ്റിന് സമാപനം
ഇന്നലെ വൈകുന്നേരം നടന്ന ആവേശകരമായ 200 മീറ്റർ വനിതാ വിഭാഗം ഫൈനലിൽ തിരുവനന്തപുരം മാർ ഈവാനിയോസിലെ സാനിയാ ട്രീസാ ടോമി 25.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായി.
കൊല്ലം എസ്എന്നിലെ സ്റ്റെമി മരിയ ബിജു (26.66 സെക്കൻഡ്) വെള്ളിയും ചേർത്തല എസ്എൻ കോളജിലെ എസ്.സായൂജ്യ(26.74) വെങ്കലവും നേടി. പുരുഷ വിഭാഗം 4-400 റിലേയിൽ മൂന്നു മിനിറ്റ് 22.32 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യൂണിവേഴ്സിറ്റി കോളജ് ഒ്ന്നാമതായി ഫിനിഷ് ചെയ്തു. മാർ ഈവാനിയോസ് (3:24.23 സെക്കൻഡ്) രണ്ടാമതും പുനലൂർ എസ്എൻ (3:34.18) മൂന്നാമതുമെത്തി.
മീറ്റിന്റെ അവസാന മത്സര ഇനമായ 4-400 മീറ്റർ വനിതാ റിലേ നടന്നത് മഴയത്ത്. ശക്തമായ മഴയിലും ഒട്ടും ആവേശം ചോരാതെയാണ് ഈ മത്സരം പൂർത്തിയായത്. ഈ വിഭാഗത്തിൽ പുനലൂർ എസ്എൻ 4:28.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിൽ മുത്തമിട്ടപ്പോൾ കാര്യവട്ടം എൽഎൻസിപി(4:31.24) വെള്ളിയും അഞ്ചൽ സെന്റ് ജോണ്‍സ്(4:40.27) വെങ്കലവും നേടി.