66 കേസുകൾ: മുൻ പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കാതെ പോലീസ്
1340064
Wednesday, October 4, 2023 4:51 AM IST
കാട്ടാക്കട: കണ്ടല സർവീസ് സഹരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ സിപിഐ നേതാവ് ഭാസുരാംഗനെതിരെ ഇനിയും ഒരു നിയമനടപടിയും സ്വീകരിക്കാതെ പോലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയാറാകു ന്നില്ലെന്ന് ആരോപണം.
ഭാസുരാംഗന്റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്. കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നതു പലതരം തട്ടിപ്പുകളാണ്.
സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പ് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ തന്നെ. സഹകരണ നിയമത്തിനു വിരുദ്ധമായായിരുന്നു ഇരട്ടിപ്പ് ഇടപാട്. ഒരിക്കൽ നിക്ഷേപിച്ചാൽ വർഷങ്ങൾ കഴിഞ്ഞുമാത്രമാണ് നിക്ഷേപകൻ ഇതു തിരികെ വാങ്ങാനെത്തുക. ഇത് അറിയാവുന്ന ഭാസുരംഗനും ബാങ്ക് ഭരണസമിതിയും ഈ പണമെടുത്ത് വകമാറ്റി. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയപ്പോൾ ബാങ്ക് കൂപ്പുകുത്തി.
1500ൽ പരം നിക്ഷേപകർക്ക് പണം നഷ്ടമായി. വലിയ ക്രമക്കേട് നടത്തിയ ഭാസുരാംഗനെതിരെയും ഭരണസമിതി അംഗങ്ങൾക്കതിരെയും പലരും പരാതിയുമായി മാറന്നല്ലൂർ പോലിസിനെ സമീപിച്ചിരുന്നു. കേസെടുക്കാൻ ആദ്യം പോലിസ് തയാറായില്ല. വിവാദങ്ങൾ തുടങ്ങിയതോടെ 66 കേസുകളാണ് ഇതേവരെ രജിസ്റ്റർ ചെയ്തത്. എല്ലാത്തിലും ഒന്നാം പ്രതി ഭാസുരാംഗനാണെങ്കിലും വിളിച്ചുവരുത്തി മൊഴിയെടുക്കാൻ പോലും പോ ലീസ് തയാറാകുന്നില്ല.
മൂന്നുകോടിക്കു മുകളിലാണെങ്കിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കണം, അഞ്ചു കോടിക്കു മുകളിലെങ്കിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കണം. 30 കോടിയിലധികം തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെറുവിരൽ പോലീസ് അനക്കിയിട്ടില്ല.
ഭാസുരാംഗന് മുൻകൂർ ജാമ്യത്തിനായി പോലിസ് എല്ലാ ഒത്താശയും ചെയ്യുന്നു എന്നും ആരോപണമുയരുന്നു. ഭാസുരാംഗന്റെ രാഷ്ട്രീയ സ്വാധീനമാണ് എല്ലാത്തിനും പിന്നിൽ. ഇത്രയേറെ തട്ടിപ്പ് നടത്തിയതായി സഹരണ വകുപ്പ് കണ്ടെത്തിയാൾ ഇന്നും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായും തുടരുന്നു. പരാതിയുമായി ഇതുവരെ പോലിസിന് സമീപിച്ചിരിക്കുന്നത് ലക്ഷങ്ങൾ നഷ്ടമായവരാണ്. കോടികളുടെ നിക്ഷേപം നടത്തിയിട്ടും ഇതുവരെ പരാതി പറയാത്തവരും കണ്ടലയിലുണ്ട്.