ഓൺലൈൻ തട്ടിപ്പുകാരുടെ ഭീഷണി; പരാതിയുമായി യുവതി
1337628
Saturday, September 23, 2023 12:02 AM IST
വിഴിഞ്ഞം: ആവശ്യപ്പെടാത്ത പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം കഴുത്തറുപ്പൻ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് യുവതിക്കെതിരെ നിരന്തരം ഓൺലൈൻ തട്ടിപ്പുകാരുടെ ഭീഷണിയെന്ന് പരാതി. വെങ്ങാനൂർ സ്വദേശിനിയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31 ന് ഹീറോ റുപ്പി എന്ന ഓൺലൈൻ ആപ്പ് മുഖാന്തിരം യുവതി 2500 രൂപ ലോണായി എടുത്തിരുന്നു. പണമയച്ച ശേഷം അഞ്ചു ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് സംഘത്തിന്റെ നിർദ്ദേശവുമുണ്ടായി. ഇതോടെ തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മമേലിൽ ലോൺ വേണ്ടെന്നും അറിയിച്ചു.
ഇതു കണക്കിലെടുക്കാത്ത തട്ടിപ്പുകാർ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട ശേഷം കൊള്ളപ്പലിശ സഹിതം ഈടാക്കി. തുടർന്ന് തട്ടിപ്പിന്റെ ആഴം മനസിലാക്കിയ യുവതി ഇനി പണം വേണ്ടെന്നറിയിച്ച ശേഷം മൊബൈലിൽ നിന്നും ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു.
എന്നാൽ തുടർന്നും പണമയച്ച തട്ടിപ്പുകാർ പലിശ വേണമെന്ന ഭീഷണിയുമായി രംഗത്തിറങ്ങി. ഇംഗ്ലീഷിൽ സന്ദേശങ്ങൾ അയച്ച ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം ബണ്ഡുക്കൾക്കു അയച്ച് നൽകുമെന്നതുൾപ്പെടെ ഭീഷണിയെത്തി. പ്രശ്നം രൂക്ഷമായപ്പോൾ ഇന്നലെ വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
സന്ദേശമയച്ചഫോൺ നമ്പർ മനസിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.