മാജിക് വേദിയിൽ കാൻസർ ബോധവത്കരണം; മജീഷ്യൻ നാഥിന് നിറഞ്ഞ കയ്യടിയേകി വിദ്യാർഥികൾ
1300450
Tuesday, June 6, 2023 12:17 AM IST
തിരുവനന്തപുരം: ഒഴിഞ്ഞപെട്ടിയിൽനിന്ന് പൂക്കൾ വർഷിച്ചും കയറിനെ കൈലേസാക്കിയും ചെടിച്ചട്ടിയിൽനിന്ന് ചെടി അപ്രത്യക്ഷമാക്കുകയും ചെയ്ത മാന്ത്രികൻ പിന്നീട് ഒഴിഞ്ഞ പാത്രത്തിൽനിന്ന് പുറത്തെടുത്തത് പൊറോട്ടയാണ്. കൗതുകം നിറഞ്ഞ കണ്ണുകളുമായി മാജിക്കിന്റെ അത്ഭുത ലോകത്ത് ലയിച്ചിരുന്ന വിദ്യാർഥികൾ അന്പരന്നിരുന്നപ്പോൾ മജീഷ്യൻ പൊറോട്ട ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി. കൗതുകങ്ങളിൽ അഭിരമിച്ചിരുന്ന കുഞ്ഞുകണ്ണുകളിലും മുഖത്തും ഗൗരവം നിറഞ്ഞു. പഠിതാക്കളായി അവർ കാതു കൂർപ്പിച്ചു. ഭക്ഷ്യ സുരക്ഷയും കാൻസർ ബോധവത്കരണവും പ്രമേയമാക്കിയ ഒന്നര മണിക്കൂർ നീണ്ട മാജിക് ഷോ അവസാനിച്ചപ്പോൾ പരിപാടി അവതരിപ്പിക്കാനെത്തിയ മജീഷ്യൻ നാഥിന് വിദ്യാർഥികൾ നിറഞ്ഞ കയ്യടികളോടെ സ്നേഹപ്പൂക്കൾ സമ്മാനമായി നൽകി. മാജിക്കിലൂടെ ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാന്യം ഓർമിപ്പിച്ച മജീഷ്യനു കുമാരപുരം മരിയൻ വില്ല കോണ്‍വെന്റ് ഐഎസ്സി സ്കൂളിലെ വിദ്യാർഥികളാണ് സ്നേഹപ്പൂക്കൾ സമ്മാനമായി നൽകിയത്. ഓരോ മാജിക്കിന്റെ ഇടവേളയിലും വിസ്മയലോകത്തു നിന്നും അവരെ ജീവിതത്തിലേക്ക് പിടിച്ചിറക്കിയ മാന്ത്രികൻ കാൻസർ തടയുന്നതിൽ ആരോഗ്യകരമായ ജീവിതത്തിന് എത്ര വലിയ പ്രാധാന്യമുണ്ടെന്ന വിലപ്പെട്ട സന്ദേശമാണ് വിദ്യാർഥികൾക്കു നൽകിയത്. കാൻസറിനെതിരെ പോരാടി ജീവൻ തിരിച്ചുപിടിച്ച മജീഷ്യൻ നാഥ് ജങ്ക് ഫുഡും ജീവിതശൈലിയും ലഹരിയും കാൻസറിനു കാരണമാകുന്നതെങ്ങനെയെന്ന ബോധവത്്കരണത്തിനായി തന്റെ വേദികൾ ഉപയോഗപ്പെടുത്തുകയാണ്. ഇതിലൂടെ പുതിയ തലമുറയുടെ ഉള്ളിലേക്ക് വിലപ്പെട്ട സന്ദേശങ്ങൾ നൽകുകയാണ് അദ്ദേഹം. കാൻസർ ബോധവത്്കരണ മാജിക് ഷോയുടെ 50-ാം വേദിയായിരുന്നു കുമാരപുരം മരിയൻ വില്ല കോണ്‍വന്റ് സ്കൂൾ. കെൽട്രോണിൽ നിന്നും ലഭിക്കുന്ന സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം സ്കൂളുകളിൽ സൗജന്യമായി തന്റെ കാൻസർ ബോധവത്കരണ മാജിക് ഷോ നടത്തുന്നത്.