ഇനിയും സ്മാര്‍ട്ടാകാതെ വഞ്ചിയൂര്‍ സര്‍ക്കാര്‍ സ്കൂള്‍ !
1299060
Wednesday, May 31, 2023 11:39 PM IST
പേരൂര്‍ക്കട: പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുമെങ്കിലും വഞ്ചിയൂര്‍ സര്‍ക്കാര്‍ സ്കൂളിനു പറയാനുള്ളത് പരാധീനതകള്‍ മാത്രം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ വിദ്യാർഥികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സ്കൂള്‍. കാടുപിടിച്ച പരിസരവും പൊളിഞ്ഞു വീഴാറായ കെട്ടിടവുമാണ് ഇവിടെ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്.
എലികളുടെയും മരപ്പട്ടികളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുന്നു വഞ്ചിയൂര്‍ സ്കൂളിലെ ക്ലാസ് മുറികള്‍. 1942 ല്‍ സാമൂഹിക പ്രവര്‍ത്തകനായ ഗോവിന്ദപ്പിള്ള സര്‍ക്കാരിനു വിട്ടുനല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണു സ്കൂള്‍ നിര്‍മിച്ചിരിക്കുന്നത്. 80 വര്‍ഷത്തിലേറെ പഴക്കമുണ്ട് കെട്ടിടത്തിന്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാതെ സ്കൂള്‍ തുറക്കരുതെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച സാഹചര്യത്തില്‍ പ്രവേശനോത്സവത്തിന് ഇന്നു കുട്ടികള്‍ എത്തുമോയെന്നതും സംശയമാണ്. ഹാളുകള്‍, വായനശാല, കമ്പ്യൂട്ടര്‍ ലാബ് എന്നിവയടങ്ങുന്ന പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം കാലപ്പഴക്കത്താല്‍ നിലംപതിച്ചിട്ട് നാളുകളായി. കഴിഞ്ഞ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലൂടെ കുട്ടികളുടെ പരീക്ഷാ പേപ്പര്‍ നനഞ്ഞുകുതിര്ന്നതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
സ്കൂളിന്റെ ദുരവസ്ഥകാരണം വിദ്യാര്‍ഥികള്‍ മറ്റു സ്കൂളുകളിലേക്കു മാറിയതോടെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് നിലവിലുള്ളത്. എല്‍പിയില്‍ രണ്ടും യുപിയില്‍ മൂന്നും കുട്ടികളും മാത്രമാണുള്ളത്. രേഖകള്‍ സൂക്ഷിക്കുന്ന ഓഫീസ് കെട്ടിടം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സ്കൂളിനു മുന്നിലെ റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളായി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഉഴുതുമറിച്ച റോഡിലെ കുഴികള്‍ താത്കാലികമായി മൂടിയത് ആശ്വാസമെങ്കിലും ടാറിംഗ് ഉണ്ടായില്ല. അസൗകര്യങ്ങളില്‍ പൊറുതിമുട്ടി മികച്ച അധ്യാപകരില്‍ പലരും സ്ഥലം മാറിപ്പോയതോടെ മുത്തശി വിദ്യാലയം ബലഹീനതകളുടെ കണ്ണീര്‍ക്കടലാകുന്നു.