മൂന്നാറ്റിൻമുക്ക് കുടിവെള്ള പദ്ധതി തകർച്ചയിലേക്ക്
1298784
Wednesday, May 31, 2023 4:19 AM IST
കാട്ടാക്കട: നെയ്യാറിലെ മൂന്നാറ്റിൻമുക്ക് കുടിവെള്ള പദ്ധതി തകർച്ചയിലേക്ക്. വോൾട്ടേജില്ലാത്തതിനാൽ പമ്പിംഗ് നടക്കാത്തതിനാൽ നാട്ടുകാർക്ക് കുടിവെള്ളവും ലഭിക്കാത്ത സ്ഥിതിയായി . ഒറ്റശേഖരമംഗലം, ആര്യങ്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നെയ്യാറിൽ സ്ഥാപിച്ച പദ്ധതി ഇപ്പോൾ വാട്ടർ അഥോറിറ്റിക്ക് തന്നെ വേണ്ടാത്ത നിലയായി മാറി.
ഒറ്റശേഖരമംഗലം കെഎസ്ഇബി സെക്ഷനിൽപ്പെട്ടതാണ് ഈ പമ്പിംഗ് സ്റ്റേഷൻ. വൈദ്യുത ചാർജിനത്തിൽ ഏതാണ്ട് 90 ലക്ഷത്തിലേറെ തുക കുടിശിഖയുണ്ട്. കുടിശിഖ വിവരം വാട്ടർഅഥോറിറ്റിക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇത്രയും കുടിശിഖയുടെ കാര്യം പറഞ്ഞ് അവർ ഒഴിഞ്ഞു മാറുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ കുടിവെള്ള വിതരണം നിലച്ചിട്ട്.
ഒരു മാസത്തിനുള്ളിൽ കുടിശിഖ അടച്ചില്ലെങ്കിൽ കണക്ഷൻ പൂർണമായും വിച്ഛേദിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. അതിനിടെ ഈ പമ്പ് ഹൗസിനോട് ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുന്നതായി പരാതിയുണ്ട്. പമ്പ് ഹൗസിനു സമീപത്തുള്ള ആലം ഉൾപ്പടെയുള്ള ശുദ്ധീകരണ കെമിക്കലുകൾ അടക്കം സൂക്ഷിക്കേണ്ട കെട്ടിടം തകർന്നു വീണിട്ട് അത് പുനർനിർമിക്കാൻ ഇനിയും ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
കഴിഞ്ഞ മഴക്കാലത്താണ് കെട്ടിടം തകർന്നു വീണത്. ഇപ്പോൾ കെമിക്കലുകൾ സുക്ഷിക്കാൻ ഇടമില്ലാത്തതിനാൽ വരുന്ന മഴക്കാലത്ത് നനഞ്ഞ് നശിക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ഈ പമ്പ് ഹൗസിൽ ആറു ജീവനക്കാരുണ്ട്. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത അവസ്ഥയാണ്. മാത്രമല്ല കാലാനുസ്യതമായ അറ്റകുറ്റപണികൾ നടക്കാത്തതു കാരണം പമ്പ് ഹൗസ് കെട്ടിടവും തകർച്ചയുടെ വക്കിലാണ്.