അരുവിക്കരയിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു
1280022
Wednesday, March 22, 2023 11:54 PM IST
നെടുമങ്ങാട് : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തികൾ അതിവേഗമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അരുവിക്കര നിയോജക മണ്ഡലത്തിലെ പട്ടകുളം- പേഴുംമൂട് റോഡിന്റെ നിർമാണവും പള്ളിവേട്ട- കാനക്കുഴി- കൊണ്ണിയൂർ റോഡുകളുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉറിയാക്കോട് ജംഗ്ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെന്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്ന കാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
2022-23 ലെ സംസ്ഥാന ബജറ്റിൽ നിന്നും ഒന്പത് കോടി രൂപ വിനിയോഗിച്ചാണ് പട്ടകുളം- പേഴുംമൂട് റോഡിന്റെ നവീകരണം നടത്തുന്നത്. പള്ളിവേട്ട- കാനക്കുഴി- കൊണ്ണിയൂർ റോഡ് 2021-22 ലെ സംസ്ഥാന ബജറ്റിൽ നിന്നും അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ നവീകരിച്ചത്. പള്ളിവേട്ട ജംഗ്ഷനിലും കല്ലാമം ജംഗ്ഷനിലുമായി നടന്ന ചടങ്ങുകളിൽ അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പള്ളിവേട്ട ജംഗ്ഷനിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ വി.ആർ. വിമല, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ബ്ലോക്ക് അംഗങ്ങളായ ഹരി സുധൻ, വി. രമേശ്, എ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.