കരിക്കകം പൊങ്കാല ഏപ്രിൽ രണ്ടിന്
1279999
Wednesday, March 22, 2023 11:24 PM IST
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ ഏപ്രിൽ രണ്ട് വരെ. ഉത്സവത്തിന്റെ ഏഴാം ദിനമായ ഏപ്രിൽ രണ്ടിനാണ് പൊങ്കാല. രാവിലെ 10.15 ന് ആരംഭിക്കുന്ന ഉച്ചയ്ക്ക് 2.15 ന് തർപ്പണത്തോടു കൂടി അവസാനിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ഉത്സവ ദിവസം വൈകുന്നേരം അഞ്ചിന് ദേവിയെ ആദ്യമായി കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ ദേവിയെ പ്രതിഷ്ഠ നടത്തിയ ഗുരുവിനും മന്ത്രമൂർത്തിക്കുമുള്ള ഗുരുപൂജയോടു കൂടി ഉത്സവ ചടങ്ങുകൾ ആരംഭിക്കും.
എല്ലാ ദിവസവും രാവിലെ പന്തീരടിപൂജ, നവകം, കലശാഭിഷേകം എന്നീ ചടങ്ങുകളും വൈകുന്നേരം ഭഗവതി സേവയും പുഷ്പാഭിഷേകവും ഉണ്ടായിരിക്കും. ഏപ്രിൽ ഒന്നിനാണ് പുറത്തെഴുന്നെള്ളത്ത്.27 ന് വൈകുന്നേരം ആറിന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 2023 ലെ കരിക്കകത്തമ്മ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിക്കു ഗവർണർ സമ്മാനിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം മണിയൻപിള്ള രാജു നിർവഹിക്കും.