ഹർത്താലിനിടെ ബസിനു നേരെ കല്ലേറ് : രണ്ടുപേർ പിടിയിൽ
1225324
Tuesday, September 27, 2022 11:45 PM IST
ആറ്റിങ്ങൽ : പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ആറ്റിങ്ങല്‍ മാമത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. കിഴുവിലം കുറക്കട പാലവിള വീട്ടില്‍ മുഹമ്മദ് അസ്ലം (18), കിഴുവിലം അണ്ടൂര്‍ കുറക്കട താഹിറ മന്‍സിലില്‍ മുഹമ്മദ് തൗഫീഖ് (20) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തു നിന്നു ആറ്റിങ്ങലിലേക്കു പോയ കെഎസ്ആര്‍ടിസി ബസിനു മാമം പെട്രോള്‍ പമ്പിന്റെ സമീപത്തുവച്ചാണ് പ്രതികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ കുറിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി. ബിനുവിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോരാണി ഭാഗത്തു നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.