വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിൽ ജൈവവൈവിധ്യ പരിപാലനസമിതിയുടെ നേതൃത്വത്തിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി വോളന്റിയർമാർക്കുള്ള ഏകദിനപരിശീലന ക്ലാസ് നടന്നു. പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ.പി. ശ്രീകല അധ്യക്ഷത വഹിച്ചു. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രുഗ്മിണി ഗോപി, രശ്മി ഷാജി, മെംബർമാരായ കെ. മോഹൻദാസ്, വർഗീസ്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.രാധിക, കെ. ബിമൽ മാസ്റ്റർ, ബിഎംസി കൺവീനർ കെ.എം.രാജു എന്നിവർ പ്രസംഗിച്ചു.
കില റിസോഴ്സ് പേഴ്സൺമാരായ രവി ദാസൻമാസ്റ്റർ, എം.വി. അപ്പുണ്ണിനായർ, ബിഎംസി അംഗം അംബിക ടീച്ചർ, റിസോഴ്സ് പേഴ്സൺ വി. രാമചന്ദ്രൻ മാസ്റ്റർ, കെഎസ്ബിബി ജില്ലാ കോ -ഓർഡിനേറ്റർ വി. സിനിമോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വികസന പ്രവർത്തനങ്ങളെല്ലാം സാമൂഹ്യനീതിക്കും പരിസ്ഥിതി പരിപോഷണത്തിനും അനുസൃതമായി വേണം എന്ന തത്വം മുൻനിർത്തിയുള്ളതാണ് ജൈവവൈവിധ്യ പരിപാലനം. ഒരു വാർഡിൽ രണ്ട് പേർ എന്ന നിലയിൽ പരിശീലനം ലഭിച്ച വോളന്റിയർമാർ വീടുകളിലും ഓരോ പ്രദേശങ്ങളിലും പോയി ശേഖരിക്കുന്ന വിവരങ്ങളാണ് ജൈവവൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത്.നാട്ടറിവുകൾ, നാട്ടു ചികിത്സകൾ, ആചാരാനുഷ്ഠാനങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, കൃഷി, കീടങ്ങൾ, മണ്ണിനങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ജലജീവികൾ, കളചെടികൾ, ആവാസ വ്യവസ്ഥകൾ, ജൈവ വിഭവങ്ങളെ ആശ്രയിച്ച് ജീവനോപാധി നടത്തുന്ന ജനവിഭാഗങ്ങൾ തുടങ്ങി നിരവധിയായ വിവരശേഖരണമാണ് ഒന്നര മാസം കൊണ്ട് ശേഖരിച്ച് ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതെന്ന് കൺവീനർ രാജു പറഞ്ഞു.