കോതമംഗലം: കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി. 21-ാം മത് കന്നുകാലി സെൻസസിന്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു. കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ല ഡപ്യുട്ടി ഡയറക്ടർ ഡോ. എസ്. അനിൽകുമാർ, മുൻസിപ്പൽ സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, അസി. ജില്ലാ മിഷൻ കോ- ഓഡിനേറ്റർ എം.ഡി. സന്തോഷ്, വാർഡ് കൗണ്സിലർമാരായ പി.ആർ. ഉണ്ണികൃഷ്ണൻ, എൽദോസ് പോൾ, സിഡിഎസ് ചെയർപേഴ്സണ് സാലി വർഗീസ്, ഡോ. ജസി കെ. ജോർജ്, ഡോ. ടിനി മാർഗരറ്റ്, ഡോ. മെർലി മാത്യു, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, ക്ഷീര കർഷകർ, എ-ഹെൽപ്, പശു സഖിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2019 ലാണ് അവസാനമായി സെൻസസ് നടന്നത്.
ഇത്തവണ നടക്കുന്ന സെൻസസിന്റെ പൂർണമായും ഫീൽഡുതല പ്രവർത്തനം നടത്തുന്നത് കുടുംബശ്രീ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്തു പരിശീലനം സിദ്ധിച്ച എ- ഹെൽപ്പേഴ്സ്, പശുസഖിമാരാണ്.
പൂർണ്ണമായും മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തുന്ന സെൻസസിൽ പതിനാറിനം പക്ഷീ മൃഗാധികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. വളർത്തു മൃഗങ്ങൾക്ക് പുറമേ തെരുവുനായ്ക്കൾ, തെരുവിലുള്ള പശുക്കൾ, നാട്ടാനകൾ, കുതിര, കഴുത എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിവരങ്ങളും, അറവുശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ, ഫാമുകൾ എന്നീ വിശദാംശങ്ങളും രേഖപ്പെടുത്തും.
സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അതോടൊപ്പം നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇതുവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു.