മൂവാറ്റുപുഴ : കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ സ്കൂളുകളിലെ കാർഷിക ക്ലബുകൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
മുളവൂർ ഗവ. യുപി സ്കൂളിലെ കാർഷിക ക്ലബിലേക്കുള്ള പച്ചക്കറി വിത്തുകൾ കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ സ്കൂൾ പ്രധാനാധ്യാപിക എം.എച്ച്. സുബൈദയ്ക്ക് കൈമാറി മൂവാറ്റുപുഴ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക സംസ്കൃതിയെക്കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്ത് കാർഷിക വിളകൾ, അധ്വാനശീലം, സഹകരണമനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം പി.വി. ജോയി, കെ.എം. ഫൈസൽ, പി.ആർ. ജോഷി, എംപിടിഎ ചെയർപേഴ്സണ് ജിഷ പ്രജു, പിടിഎ കമ്മിറ്റിയംഗം പി.എ. ഷമീർ, അധ്യാപകരായ കെ.എം. തസ്നി, ടി. തസ്കീൻ, കെ.എസ്. അനുമോൾ, ഖദീജ കുഞ്ഞുമുഹമ്മദ്, എം.പി. സുമോൾ, ഉമ്മുകുൽസു എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്യാൻ ആവശ്യമായ ഇഞ്ചി, മഞ്ഞൾ, വെണ്ട, ചീര, പയർ, പടവലം, വെള്ളരി, പാവൽ, വഴുതന, മുളക്, വിത്തുകളാണ് നൽകിയത്.