കോഴിക്കോട്: വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രയോഗികവുമായ രൂപമാണ് യോഗയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഭിന്നശേഷിക്കാര്‍ക്കായുള്ള കോഴിക്കോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി (കോമ്പോസിറ്റ് റീജണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ്, റീഹാബിലറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റീസ്) ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇൻക്ലൂസീവ് യോഗ എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഭിന്നശേഷിക്കാര്‍, രക്ഷിതാക്കള്‍, ജില്ലയിലെ എന്‍എസ്എസ് ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികള്‍, സിആര്‍സിയിലെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും, സെന്റ് ജോസഫ്സ് ദേവഗിരി കോളജ് വിദ്യാര്‍ഥികള്‍ എന്നിവരാണ് കോഴിക്കോട് ശാന്തി യോഗ സെന്ററിലെ പരിശീലകരുടെ നേതൃത്വത്തില്‍ മെഗാ യോഗ പരിപാടിയില്‍ പങ്കെടുത്തത്.
കോളജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ് അധ്യക്ഷത വഹിച്ചു. സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജലി മുഖ്യപ്രഭാഷണം നടത്തി. ശാന്തി യോഗ സെന്റർ ഡയറക്ടർ ജിനീഷ് യോഗദിന സന്ദേശം നൽകി. എൻഎസ്എസ് ജില്ല കോർഡിനേറ്റർ ഫൈസൽ, എൻഎസ്എസ് വോളണ്ടിയർ ഹിമാനി കെ. അനീഷ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ, പി.വി. ഗോപിരാജ്, സി.വി. സാജൻ എന്നിവർ പ്രസംഗിച്ചു.
വിലങ്ങാട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രത്യേക പ്രോഗ്രാമുകൾ നടന്നു. ഹെഡ്മാസ്റ്റർ ബിനു ജോർജ് യോഗ ദിന സന്ദേശം നൽകി. മനസും ശരീരവും സമന്വയിക്കുന്നതിനാൽ യോഗ സമഗ്രമായ ആരോഗ്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ അമൽ ജോസിന്റെ നേതൃത്വത്തിൽ യോഗ ഡെമോൺസ്ട്രേഷൻ ക്ലാസ് നടത്തി. തുടർന്ന് യുപി വിഭാഗം പെൺകുട്ടികൾക്കായി ഒരുക്കം എന്ന പേരിൽ കൗമാര ലൈംഗിക ബോധവത്കരണ ക്ലാസ് നടത്തി.
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്റെയും ജില്ലാ ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ഭവ യൂണിറ്റിന്റെയും ഹോമിയോപ്പതി മെഡിക്കല്‍ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. ഹോമിയോ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. യോഗ ദിനാഘോഷങ്ങള്‍ക്കായി നാഷണല്‍ ആയുഷ് മിഷന് ഹോമിയോപ്പതി ആയുര്‍വേദ മെഡിക്കല്‍ കോളജുകള്‍ക്ക് 25,000 രൂപ വീതം അനുവദിച്ചു.
ആയുര്‍വേദ മെഡിക്കല്‍ കോളജുകളില്‍ യോഗ ഫോര്‍ ഹെല്‍ത്ത് പ്രമോഷന് വകുപ്പിലേക്ക് നാഷണല്‍ ആയുഷ് മിഷന് യോഗ ട്രെയിനര്‍മാരെ നിയമിക്കും. അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ മുഖ്യാതിഥിയായിരുന്നു. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന് അധ്യക്ഷത വഹിച്ചു.
നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി. ത്യാഗരാജ്, ഹോമിയോപ്പതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ. സനില്‍കുമാര്‍, ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ബി. റിതേഷ്, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി. പ്രതിഭ, ഹോമിയോ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.കെ. മനുലാല്‍, ഡോ.വി. റിതു തുടങ്ങിയവർ പ്രസംഗിച്ചു.
നെല്ലിപ്പൊയിൽ: സെന്റ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളും നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായാണ് യോഗാദിനം ആചരിച്ചത്. ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സ്മിത യോഗയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.
തുടർന്ന് യോഗ ഇൻസ്ട്രക്ടർ ഡോ. ആഷ ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് വിൽസൺ തറപ്പേൽ, ഷിജി ജോസഫ്, ജോസഫ് കുര്യൻ, സിസ്റ്റർ അന്നമ്മ കെജെ എന്നിവർ പ്രസംഗിച്ചു.
വേനപ്പാറ: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ ലീന വർഗീസ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കോർഡിനേറ്റർ ജിഷ, സ്കൂൾ ലീഡർ ബിലീന ആൻ ബെന്നി എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു സയൻസ് വിദ്യാർഥികളായ ജെ.എസ്. കൃഷ്ണ, റിയ മെറിൻ ജോസഫ്, ദിൽന രാജു, ടിയ ബിജു, ബിലീന ആൻ ബെന്നി, ഫെലീഷ സോണി, ഐറിൻ ടെസ, ഇഷ തൻഹ എന്നിവർ യോഗ നൃത്തം അവതരിപ്പിച്ചു.
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും അൽഫോൻസാ കോളജ് വിമൻ ഡെവലപ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ലോക യോഗാ ദിനാചരണവും യോഗപ്രദർശനവും നടത്തി. അൽഫോൻസാ കോളജ് ഓഡിറ്റോറിയത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗദിനാചരണം അൽഫോൻസാ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ.മനോജ് ജോയ് കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു.
'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി. പ്രിയ മുഖ്യപ്രഭാഷണം നടത്തി. യോഗ പരിശീലക ഡോ.അമൃത നിത്യൻ യോഗപ്രദർശനവും ക്ലാസും നടത്തി.
വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, എൻഎസ്എസ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സാനിയമോൾ ചാൾസ്, ജൂണിയര്ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷാജു എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ജീവിതാശൈലി രോഗനിർണയ ക്യാമ്പും യോഗ പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തി.