കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ. പണിക്കർ അനുസ്മരണ പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജേഷ് ജോസ്, ഇൻഫന്റ് മേരി, വിദ്യാർഥികളായ ഹെലൻ റോസ്, അൽഫോൻസ ടിറ്റോ തുടങ്ങിയവർ വായനദിന സന്ദേശം നൽകി.
പുസ്തകപ്രദർശനം, പുസ്തക പരിചയം, സാഹിത്യ ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർഥികൾ കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി സന്ദർശിച്ചു. പ്രസിഡന്റ് യു.ടി. ഷാജി, സെക്രട്ടറി ബെന്നി ജോസഫ്, ലൈബ്രേറിയൻ സൂസി ബെന്നി തുടങ്ങിയവർ ഗ്രന്ഥശാലയുടെ ചരിത്രവും പ്രവർത്തനവും വിദ്യാർഥികൾക്ക് വിവരിച്ചു നൽകി.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. പ്ലക്കാർഡുകളും പുസ്തകങ്ങളുമേന്തി സ്കൂളിലെ യുപി വിഭാഗം നടത്തിയ ജാഥയിൽ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി, സ്കൂൾ ബാൻഡ് സെറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനദിന സ്പെഷൽ അസംബ്ലിൽ പ്രധാനധ്യാപകൻ ബിനു ജോസ് വായനദിന സന്ദേശം നൽകി. വിദ്യാർഥി പ്രതിനിധി ജെസ്ന ജോഷി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
പുല്ലൂരാംപാറ: പൊതുസമൂഹത്തിൽ വായനയുടെ വിത്തു വിതച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ വിദ്യാർഥികൾ. പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വാർഡ് അംഗം മേഴ്സി പുളിക്കാട്ട് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജയ്സൺ, ജോർജ് വണ്ടനാംതടത്തിൽ, ഷൈജു മുണ്ടയ്ക്കൽ, ലിജോ കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ അബ്ദുൾ റഷീദ്, അജി ജോസഫ്, നീനു മരിയ ജോസ്, അമൽ വിനോയ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റിക്കാർഡ് ജേതാവ് ആഗ്ന യാമി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ പ്രധാന അധ്യാപകൻ റോയി ജോസ്, സി. ഷൈനി മാത്യു, എൻ. കൃഷ്ണപ്രിയ, എൻ.ജെ. ദീപാ വിദ്യാർഥി പ്രതിനിധികളായ ഡെറിക് ടോം ജെസ്വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗമത്സരം, പതിപ്പ് നിർമാണ മത്സരം, പുസ്തക പരിചയം, കഥാപാത്ര ആവിഷ്കാരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
താമരശേരി: ചമൽ നിർമ്മല എൽപി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക റിൻസി ഷാജു ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ അക്ഷരം തിരിച്ചറിയൽ, പദസൂര്യ നിർമാണം, പ്രസംഗ മത്സരം, വായന മത്സരം എന്നിവ നടത്തി. അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് അക്ഷരമരം നിർമിച്ചു.
നാടകത്തിൽ കുഞ്ഞുണ്ണി മാഷെ അവതരിപ്പിച്ച ഡാനിയേൽ ജിമ്മിച്ചൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. സുനു സാം, അലിൻ ലിസ്ബത്ത്, ക്രിസ്റ്റീന വർഗീസ്, ഗോൾഡ കണ്ണന്തറ എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം: തോട്ടുമുക്കം ഗവ. യുപി സ്കൂളിൽ വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിദ്യാർഥി പ്രതിനിധി ഹെലന ജിബിന്‍ പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക ഷറീന, അധ്യാപകരായ ഖൈറുന്നിസ, ഹണി, വിദ്യാർഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകൻ ദിലീപ് നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും ചേർന്നൊരിക്കിയ അക്ഷരമരം, വായനാ പൂന്തോട്ടം തുടങ്ങിയവ വേറിട്ട അനുഭവമായി.
കോഴിക്കോട്: ലയോള സ്കൂളിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. പ്രമുഖ എഴുത്തുകാരൻ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വിദ്യാലയ മാഗസിനിന്റെ പ്രകാശനവും യു.കെ. കുമാരൻ നിർവഹിച്ചു. വായനാവാരത്തോടനുബന്ധിച്ച് സ്കൂളിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ വായന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. റീന അധ്യക്ഷത വഹിച്ചു. രാജീവ് പെരുമണ്‍പുറ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി. ശിവാനന്ദന്, യശോദ, ഷറഫുന്നീസ എന്നിവര്‍ പ്രസംഗിച്ചു.
അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി വായനാദിന മത്സരങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വായന മത്സരത്തില്‍ ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിലെ എ. ലിംന ഒന്നാം സ്ഥാനവും ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരി ധന്യ രാജ് രണ്ടാം സ്ഥാനവും നേടി.