തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ നഗരത്തിലും, റൂറല്‍ ജില്ലയിലെ നെടുമങ്ങാട് താലൂക്കിലും, നാളെ രാവിലെ 6.30 മുതല്‍ പത്തുവരെ തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്രമീകരണം: ഇന്നു രാവിലെ ഏഴുമുതൽ ഉച്ചകഴിഞ്ഞു 3.30 വരെ ഡൊമസ്റ്റിക് എയർ പോർട്ട്, ശംഖുമുഖം, ആള്‍സെയിന്റ്സ് ജംഗ്ഷന്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, ആര്.ആര്. ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍ അമ്പലമുക്ക്, പേരൂര്‍ക്കട, വഴയില വരെയുള്ള നഗരത്തിലെ റോഡുകളില്‍ ഗതാഗതക്രമീകരണം ഉണ്ടായിരിക്കും.
ചാക്ക, വെണ്‍പാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക അനന്തപുരി ആശുപത്രി റോഡിലും, പേട്ട പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കല്‍ കോളജ് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.
നെടുമങ്ങാട് താലുക്കില്‍ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം: എണിക്കര, കരകുളം, കെല്‍ട്രോണ്‍ ജംഗ്ഷന്, അഴിക്കോട്, പത്താംകല്ല്, വാളിക്കോട്, കക്കാപ്പുര ജംഗ്ഷന്,പഴകുറ്റി,മേലാംകോട്, പനച്ചമുട്, കോട്ടപ്പുറം, ഉഴപ്പക്കോണം ജംഗ്ഷന്, മല്ലബ്രകോണം ജംഗ്ഷന് വരെയുള്ള നെടുമങ്ങാട് താലൂക്കിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. ശിമമുളമുക്ക് കല്ലയം ഭാഗത്ത് നിന്നും വഴയില ഭാഗത്തേക്ക് വരുന്ന വാഹനങ്ങളെ പള്ളിമുക്ക് ജംഗ്ഷനിൽനിന്നും തിരിച്ച് കിഴക്കേ മുക്കോല വഴി മണ്ണന്തല ഭാഗത്തേക്ക് പോകണം.
കിഴേകല്ലയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കീഴേകല്ലയം, കെകെവി നഗര്‍ റോഡ് വഴി അയക്കാതെ കിഴേകല്ലയം ജംഗ്ഷനിൽനിന്നും തിരിഞ്ഞ് പള്ളിമുക്ക് കിഴക്കേ മുക്കോല വഴി സിറ്റിയിലേക്ക് പോകേണ്ടതാണ്. മുല്ലശ്ശേരി, വേങ്കോട് ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങളെ തേരക്കോട് ഭാഗത്തു തിരിഞ്ഞ് കല്ലയം പള്ളിമുക്ക് കിഴക്കേമുക്കോല വഴി പോകണം.
മുളമുക്ക് പ്ലാത്തറ ഭാഗങ്ങളിൽ നിന്നും കരകുളം ഭാഗത്തക്കു വരുന്ന വാഹനങ്ങൾ കല്ലയം കിഴക്കേ മുക്കോല വഴി പോകണം.
മുളമുക്ക്, വേങ്കോട് ഭാഗങ്ങളിൽനിന്നും കെൽട്രോൺ ജംഗ്ഷൻ വഴി പോകുന്ന വാഹനങ്ങൾ കൂമ്മിപള്ളി ജംഗ്ഷനിൽ തിരിഞ്ഞു കല്ലയം കിഴക്കേമുക്കോല വഴി സിറ്റിയിലേക്ക് പോകണം. വട്ടപ്പാറ വേങ്കോട് ഭാഗങ്ങളിൽ നിന്നും 10-ാം കല്ല് വഴി സിറ്റിയിലേക്കു വരുന്ന വാഹനങ്ങളെ മുളമുക്ക് ജംഗ്ഷനിൽനിന്നും തിരിച്ച് കായ്പാടി, മുല്ലശ്ശേരി, കിഴക്കേ മൂക്കോല വഴി സിറ്റിയിലേക്ക് പോകണം. മുണ്ടേല, കളത്തറ, മഞ്ച ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അരുവിക്കര ജംഗ്ഷൻ വഴി തിരിഞ്ഞ് പോകണം. അരുവിക്കര, വെള്ളനാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കാച്ചാണി വഴി തിരിഞ്ഞ് പോകണം.
ഇരുമ്പ, വട്ടിയൂർക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കരകുളം പാലം ജംഗ്ഷനിൽ എത്താതെ തിരിച്ചുവിടുന്നതാണ്. നെട്ടയം കച്ചാണി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വഴയില പാലം ജംഗ്ഷനിൽ എത്താതെ തിരിച്ചുവിടുന്നതാണ്.
പൊന്മുടി ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കോരളിയോട്, ചുള്ളിമാനൂർ വെമ്പായം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്. മേല്‍ പറഞ്ഞ നഗരത്തിലേയും, റൂറലിലേയും ഗതാഗത ക്രമീകരണം റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ നിർത്തിയിടാൻ അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ, ഇടറോഡുകളിലോ വാഹനങ്ങള്‍ നിർത്തിയിടാൻ പാടില്ല. നിർദേശം ലംഘിച്ചു നിർത്തിയിടുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന പോലീസ് അറിയിച്ചു.