വീൽചെയറിൽ ആയാലും ചെന്നൈക്കായി കളിക്കണം: ധോണി
Monday, March 24, 2025 2:17 AM IST
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽനിന്ന് എന്നു വിരമിക്കുമെന്നതിനുള്ള ഉത്തരവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം.എസ്. ധോണി. കളിക്കാൻ പറ്റുന്നിടത്തോളം കളത്തിൽ ഉണ്ടാകുമെന്നാണ് ധോണിയുടെ മറുപടി. “സിഎസ്കെയ്ക്കുവേണ്ടി എനിക്കു സാധിക്കുന്നിടത്തോളം കാലം കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസിയാണ്. ഞാൻ വീൽചെയറിൽ ആണെങ്കിൽപ്പോലും സിഎസ്കെ എന്നെ കളിപ്പിക്കും” മുംബൈ ഇന്ത്യൻസിന് എതിരായ 2025 സീസണ് മത്സരത്തിനു മുന്പ് ധോണി പറഞ്ഞു.
നാൽപ്പത്തിമൂന്നുകാരനായ ധോണി, ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് ഐപിഎൽ കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനാണ്. 2024 സീസണിനു മുന്പായി സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽനിന്ന് ധോണി വിരമിച്ചിരുന്നു. 2023ൽ ചെന്നൈയെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായ ധോണി, 2024 സീസണിൽ കളത്തിൽ തിരിച്ചെത്തി.