വഴി മാത്രമല്ല വിവാഹ മുഹൂർത്തവും തെറ്റിച്ച് ഗൂഗിൾ മാപ്പ്
Wednesday, April 30, 2025 12:52 AM IST
ഇരിട്ടി: ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നത് പതിവാണ്. എന്നാൽ, വിവാഹ മുഹൂർത്തം തെറ്റിച്ച സംഭവമാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിൽ നടന്നത്.
തിരുവനന്തപുരം സ്വദേശിയായ വരനും സംഘവും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കീഴൂർ ക്ഷേത്രത്തിൽ മുഹൂർത്ത സമയമായ 10.30ന് എത്തി കാത്തുനിന്നു.
ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവും സംഘവും മുഹൂർത്ത സമയത്തുതന്നെ കീഴൂർ ക്ഷേത്രസന്നിധിയിൽ എത്തിയെങ്കിലും രണ്ടു കൂട്ടരും പരസ്പരം കാണാൻ കഴിയാതെ വന്നതോടെയാണ് ഗൂഗിളും കീഴൂരും ചേർന്ന് തങ്ങളുടെ വിവാഹം മുടക്കാൻ ശ്രമിക്കുന്നത് വധൂവരന്മാർ അറിയുന്നത്.
വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലൊക്കേഷൻ മാറിയതോ അല്ലെങ്കിൽ വരന്റെ ബന്ധുക്കൾ ടൈപ്പ് ചെയ്ത സ്ഥലം മാറിയതോ...എന്ത് സംഭവിച്ചു എന്നറിയില്ല. വരനും കൂട്ടരും പയ്യോളിയിൽ വന്നപ്പോൾ ഗൂഗിൾ പറഞ്ഞ വഴിയിലൂടെ പയ്യോളിയിലെ കീഴൂരിൽ എത്തി. വധുവും സംഘവും വിവാഹം നടക്കേണ്ട ഇരിട്ടിയിലെ കീഴൂരിലും.
രണ്ടു സ്ഥലങ്ങളും തമ്മിൽ ഏകദേശം 60 കിലോമീറ്റർ വ്യത്യാസം. എന്തായാലും കാര്യം പിടികിട്ടിയതോടെ ഇരു കൂട്ടർക്കും ആശ്വാസമായെങ്കിലും പയ്യോളിയിൽനിന്ന് ഇരിട്ടി കീഴൂരിലേക്ക് വരനും സംഘവും എത്തി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നതുവരെ ആശങ്കയുടെ നിമിഷങ്ങൾ ആയിരുന്നു.
മുഹൂർത്തം തെറ്റിയെങ്കിലും മൂന്ന് മണിക്കൂർ വൈകിയെങ്കിലും അമ്പലനടയിൽ മാലചാർത്തിയതിന്റെ ആശ്വാസത്തിലാണ് വധൂവരൻമാർ.
ഗൂഗിൾ മാപ്പ് ചതിച്ച് പല വാഹനങ്ങളും അപകടത്തിൽപെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കല്യാണ കാര്യത്തിൽ ഗൂഗിളിന്റെ ഇടപെടൽ.